Thursday, June 10, 2010

വര്‍ഗീയ വിഷം കുത്തിവയ്ക്കുന്നവര്‍ ചരിത്രം മറന്നവര്‍: അല്‍മായ കമ്മീഷന്‍

ശാന്തിയും സമാധാനവും ഐക്യവും കാംക്ഷിക്കുന്ന ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയവിഷം കുത്തിവച്ച്‌ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയുമെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. ഹൈന്ദവ, ക്രൈസ്തവ, മുസ്ളിം സമുദായങ്ങള്‍ സ്നേഹത്തോടും ഐക്യത്തോടും ജീവിക്കുന്ന കേരളത്തില്‍ മനുഷ്യനെ തമ്മിലടിപ്പിച്ചു നേട്ടങ്ങള്‍ കൊയ്യാന്‍ ഒരു ഭരണാധികാരിയെയും അനുവദിക്കാനാവില്ല. വര്‍ഗ സമരത്തിലൂടെ അനേകായിരങ്ങളെ കുരുതി കൊടുത്തവര്‍ അധികാരം നിലനിര്‍ത്താനും പാര്‍ട്ടിയെ സംരക്ഷിക്കാനുമായി വര്‍ഗീയത അയുധമാക്കുന്നതു തികച്ചും അപലപനീയമാണെന്നും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യ ന്‍ വ്യക്തമാക്കി. തീവ്രവാദങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ക്രിസ്തീയ മാര്‍ഗമല്ല. പ്രശ്നങ്ങള്‍ സങ്കീര്‍ണങ്ങളാകാതെ പലപ്പോഴും ക്രൈസ്തവ സമൂഹം സംയമനം പാലിക്കുന്നതു ബലഹീനതയായി ആരും കാണരുത്‌. കുലീനമായ അന്തസും മാന്യതയും ആത്മീയ പശ്ചാത്തലവും ഒന്നുകൊണ്ടു മാത്രമാണ്‌ ഈ സംയമനമെന്ന്‌ ആരോപണമുന്നയിക്കുന്നവര്‍ മനസിലാക്കണമെന്ന്‌ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ വ്യക്തമാക്കി.