Saturday, June 5, 2010

കെ.സി.ബി.സി. സമ്മേളനം ജൂണ്‍ 8 മുതല്‍ 10 വരെ

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ മണ്‍സൂണ്‍സമ്മേളനം 2010ജൂണ്‍ 8,9,10തീയതികളില്‍ കെ.സി.ബി.സി.യുടെ ആസ്ഥാന കാര്യാലയമായ കൊച്ചിയിലെ പാസ്റ്ററല്‍ ഓറിയണ്റ്റേഷന്‍ സെണ്റ്ററില്‍ നടക്കും. ജൂണ്‍ 8ചൊവ്വാഴ്ച രാവിലെ 9.30-ന്‌ കേരള കത്തോലിക്കാസഭയിലെ 276സന്ന്യാസി-സന്ന്യാസിനീ സമൂഹങ്ങളിലെ ഉന്നത മേലധികാരികളുടെയും മെത്രാന്‍മാരുടെയും സംയുക്തസമ്മേളനം കെ.സി.ബി.സി. പ്രസിഡണ്റ്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ ഉദ്ഘാടനംചെയ്യും. കേരള സമൂഹത്തിലും സഭയിലും സമര്‍പ്പിതരും പുരോഹിതരും മെത്രാന്‍മാരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നതിണ്റ്റെ ആവശ്യകതയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ മാനന്തവാടി മെത്രാന്‍ മാര്‍ ജോസ്‌ പൊരുന്നേടം പ്രബന്ധം അവതരിപ്പിക്കും. കെ.സി.ബി.സി. സെക്രട്ടറി ജനറല്‍ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കും. സന്ന്യാസ - രൂപതാ സെമിനാരികളിലെ രൂപീകരണം നവീകരിക്കുന്നതിനുവേണ്ടി മേജര്‍ സെമിനാരി റെക്ടര്‍മാരുടെയും ദൈവശാസ്ത്ര തത്വശാസ്ത്ര ഫാക്കല്‍റ്റിയുടെ പ്രസിഡണ്റ്റുമാരുടെയും ഡീന്‍മാരുടെയും മെത്രാന്‍മാരുമൊന്നിച്ചുള്ള സംയുക്തസമ്മേളനം 2010ജൂണ്‍ 8വൈകിട്ട്‌ 5-ന്‌ പി.ഒ.സി.യില്‍ ചേരും. കേരളത്തിലെ സെമിനാരി പരിശീലനത്തെ വിലയിരുത്തുന്നതിനുള്ള ശാസ്ത്രീയ സര്‍വ്വേ, സെമിനാരികളിലെ പാഠ്യപദ്ധതി പുന:ക്രമീകരണം എന്നിവയെക്കുറിച്ചാണ്‌ യോഗം ചര്‍ച്ച ചെയ്യുന്നത്‌. 9,10തീയതികളിലായി നടക്കുന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന നവാഭിക്ഷിക്ത മെത്രാന്‍മാര്‍ക്ക്‌ സ്വാഗതവും ആശംസകളും നേരും. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സീസ്‌ കല്ലറക്കല്‍, പത്തനംതിട്ട രൂപതമെത്രാന്‍ യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, ബത്തേരി രൂപതമെത്രാന്‍ ജോസഫ്‌ മാര്‍ തോമസ്‌ എന്നിവര്‍ പുതിയ സ്ഥാനലബ്ധിക്കുശേഷം ആദ്യമായി കെ.സി.ബി.സി. സമ്മേളനത്തിനെത്തുന്നു. നവാഭിക്ഷിക്തരായ ഇരിങ്ങാലക്കുട രൂപതമെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, താമരശ്ശേരി രൂപതമെത്രന്‍ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍, സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂറ്‍, സീറോ മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കുരിയ മെത്രാന്‍ തോമസ്‌ മാര്‍ അന്തോണിയോസ്‌, തൃശ്ശൂറ്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, തിരുവനന്തപുരം മലങ്കര അതി രൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഇറണേയുസ്‌, തിരുവല്ല അതിരൂപത സഹായ മെത്രാന്‍ ഫിലിപ്പോസ്‌ മാര്‍ സ്റ്റെഫാനോസ്‌ എന്നീ മെത്രന്‍മാരും കെ.സി.ബി.സി.യിലെ നവാഗതരാണ്‌. 2010ജൂണ്‍ 8,9,10തീയതികളില്‍ നടക്കുന്ന കെ.സി.ബി.സി. സമ്മേളനത്തില്‍ 38മെത്രാന്‍മാര്‍ സംബന്ധിക്കും. കേരളത്തിലെ കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതോടൊപ്പം സഭ അഭിമുഖികരിക്കുന്ന പ്രശ്നങ്ങളടക്കമുള്ള ഇരുപതോളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്‌ തീരുമാനങ്ങള്‍ കൈക്കൊള്ളും. 51അംഗങ്ങളുള്ള കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി ലോകത്തിലെ ഏറ്റവും വലിയ പ്രാദേശിക ബിഷപ്സ്‌ കൌണ്‍സിലാണ്‌. 51അംഗങ്ങളില്‍ 13മെത്രാന്‍മാര്‍ വിശ്രമജീവിതം നയിക്കുന്നവരാണ്‌. 30രൂപതകളാണ്‌ കേരളത്തില്‍ കത്തോലിക്കാസഭയ്ക്കുള്ളത്‌. സീറോമലബാര്‍ സഭയ്ക്ക്‌ 13, ലത്തീന്‍ സഭയ്ക്ക്‌ 11, മലങ്കര കത്തോലിക്കാസഭയ്ക്ക്‌ 6. ലത്തീന്‍ സഭയില്‍ കോട്ടപ്പുറം രൂപത അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തില്‍ കീഴില്‍ മെത്രാനില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്‌. അവിടെ മെത്രാനെ ലഭിക്കുമ്പോള്‍ മെത്രാന്‍ സമിതിയിലെ അംഗങ്ങളുടെ എണ്ണം 52ആകും. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ വിഭിന്നമായി മൂന്ന്‌ വ്യക്തിഗതസഭകളുടെ സജീവസാന്നിധ്യം കേരളത്തിണ്റ്റെ പ്രത്യേകതയാണ്‌. സീറോ മലബാര്‍, ലത്തീന്‍, മലങ്കരസഭകളിലെ മെത്രാന്‍മാര്‍ ഒരുമിച്ചു ചേര്‍ന്നാണ്‌ കെ.സി.ബി.സി. രൂപംകൊണ്ടിട്ടുള്ളതും പ്രവര്‍ത്തിക്കുന്നതും.