Wednesday, June 16, 2010

ലഹരി ഉപഭോഗത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടി മുന്നിലെന്ന്‌ സര്‍വ്വേ

സംസ്ഥാനത്തെ പുകയില ഒഴികെയുളള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപഭോഗം ഇന്ത്യന്‍ രാശരിയേക്കാള്‍ മൂന്നിരട്ടിയാണെന്ന ദേശീയ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട്‌. സംസ്ഥാനത്ത്‌ ഒരാള്‍ പ്രതിമാസം ശരാശരി 19രൂപയാണ്‌ ലഹരിയ്ക്കായി മുടക്കുന്നത്‌. ഗ്രാമങ്ങളില്‍ 17രൂപയും. രാജ്യത്തെ നഗരങ്ങളില്‍ ഇത്‌ ശരാശരി 7രൂപയും ഗ്രാമങ്ങളില്‍ ആറു രൂപയുമാണ്‌. പുകയിലയ്ക്കുവേണ്ടി കേരളത്തിലെ ഗ്രാമങ്ങളില്‍ ഒരാള്‍ പ്രതിമാസം 14.5രൂപയും നഗരങ്ങളില്‍ 18.5രൂപയും ചെലവഴിക്കുന്നു. ദേശീയ ശരാശരി നഗരത്തിലും ഗ്രാമത്തിലും 9.9രൂപ മാത്രമാണെന്നിരിക്കെയാണിത്‌. ലഹരി ഉപയോഗം സംബന്ധിച്ച്‌ കണ്ടെത്തിയതിനേക്കാള്‍ അധികമായിരിക്കും യഥാര്‍ത്ഥ കണക്കെന്ന്‌ ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫിസ്‌ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി.ആര്‍.കെ നായര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്ഥിതി വിവരകണക്കുകള്‍ ശേഖരിക്കുന്നവരോട്‌ ലഹരി ഉപയോഗത്തെ ക്കുറിച്ച്‌ തുറന്നുപറയാത്തവരാണ്‌ അധികവും. അതുകൂടി കണക്കിലെടുക്കുമ്പോള്‍ ഇതിലും എത്രയോ കൂടുതലാകും ഉപഭോക്തൃനിരക്ക്‌.സംസ്ഥാനത്തെ ഗ്രാമങ്ങളിലെ കുടുംബ ഉപഭോഗ ചിലവ്‌ ഇന്ത്യയിലെ നഗരങ്ങള്‍ക്കു സമാനമാണെന്നും റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഗ്രാമങ്ങളില്‍ പ്രതിമാസ ചിലവ്‌ 772രൂപയാണ്‌. എന്നാല്‍ കേരളത്തിലിത്‌ 1383രൂപയും. ഇന്ത്യയില്‍ നഗരങ്ങളിലെ ചെലവ്‌ 1492രൂപയും കേരളത്തിലെ നഗരങ്ങളിലേത്‌ 1948രൂപയുമാണ്‌. ജീവിതചെലവിണ്റ്റെ കാര്യത്തില്‍ കേരളത്തിലെ നഗരങ്ങള്‍ ഡല്‍ഹി പോലുളള വന്‍നഗരങ്ങളോടാണ്‌ മത്സരിക്കുന്നതെന്നും സര്‍വ്വേ പറയുന്നു. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണക്കുറവില്‍ കേരളം രാജ്യത്ത്‌ മൂന്നാം സ്ഥാനത്താണ്‌. ആന്ധ്രയും തമിഴ്‌ നാടുമാണ്‌ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ആന്ധ്രയില്‍ കുടുംബ അംഗസംഖ്യ 3.7ശതമാനവും തമിഴ്നാട്ടിലത്‌ 3.6ശതമാനവും ആകുമ്പോള്‍ കേരളത്തിലിത്‌ 3.9ശതമാനമാണ്‌. തൊഴിലില്ലായ്മയുടെം കാര്യത്തില്‍ കുറവുണ്ടാകുന്നുണ്ട്‌ എന്നതു മാത്രമാണ്‌ സര്‍വ്വേയില്‍ സംസ്ഥാനത്തിന്‌ ആശ്വാസത്തിനു വക നല്‍കുന്നത്‌. 2005-06കാലത്ത്‌ പന്ത്രണ്ട്‌ ശതമാനമായിരുന്നു തൊഴിലില്ലായ്മ.2007-08ആയപ്പോള്‍ ഇത്‌ നഗരത്തില്‍ 7.08ശതനാനവും ഗ്രമത്തില്‍ 9.8ശതമാനമായും കുറഞ്ഞു. നഗരങ്ങളില്‍ തൊഴില്‍ രഹിതരായ പുരുഷന്‍മാരുടെ സംഖ്യ 4.1ശതമാനത്തില്‍ നിന്ന്‌ 5.9ശതമാനമായി ഉയര്‍ന്നപ്പോള്‍ സ്ത്രീകളുടെ നിരക്ക്‌ 33ശതമാനത്തില്‍ നിന്ന്‌ 26.9ശതമാനമായി കുറഞ്ഞു. സ്വയം തൊഴില്‍ കണ്ടെത്തുന്ന സ്ത്രീകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്‌. വിദ്യാഭ്യാസത്തിണ്റ്റെ കാര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്‌, മണിപ്പൂറ്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത്‌ കേരളമാണ്‌. ഇതും ദേശീയശരാശരിയുടെ ഇരട്ടിയാണ്‌. 4895രൂപയാണ്‌ ഒരു പ്രൈമറി വിദ്യാര്‍ത്ഥിയുടെ വാര്‍ഷികചെലവ്‌ കണക്കാക്കിയിരിക്കുന്നത്‌. ഇത്‌ ദേശീയശരാശരിയുടെ ഇരട്ടിയിലധികം വരും. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിണ്റ്റെ കാര്യത്തില്‍ കേരളത്തില്‍ ദേശീയശരാശരിയുടെ ഇരുപതു ശതമാനത്തോളം ചെലവ്‌ കുറവാണ്‌. കുടുംബ ഉപഭോഗചെലവ്‌, തൊഴിലും തൊഴിലില്ലായ്മയും, വിദ്യാഭ്യാസചെലവ്‌ എന്നിങ്ങനെ മൂന്ന്‌ കാര്യങ്ങളാണ്‌ സര്‍വ്വേയില്‍ പരിഗണിച്ചതെന്ന്‌ സി.ആര്‍.കെ നായര്‍ പറഞ്ഞു. ഈ വര്‍ഷത്തെ സര്‍വ്വേ അടുത്തമാസം ഒന്നിന്‌ ആരംഭിച്ച്‌ 2011ജൂണ്‍ 30ന്‌ സമാപിക്കും കാര്‍ഷികേതര സംരംഭങ്ങളും വ്യാപാരസംരംഭങ്ങളും മറ്റ്‌ സേവന മേഖലകളും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഈ മൂന്നു മേഖലകളെ ഉള്‍പ്പെടുത്തി ആദ്യമായിട്ടാണ്‌ സര്‍വ്വേ നടത്തുന്നത്‌. കേരളത്തിലെ പതിന്നാലു ജില്ലകളിലുമായി 784പഞ്ചായത്ത്‌ വാര്‍ഡുകളിലും നഗരപ്രദേശങ്ങളിലെ 496സര്‍വ്വേ നടത്തും. 56,000സംരംഭങ്ങളില്‍ ഇരുന്നൂറോളം സര്‍വ്വേ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ ശേഖരിക്കും. ജനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന്‌ സി ആര്‍ കെ നായര്‍ അറിയിച്ചു. സര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൈക്കാട്‌ ഗസ്റ്റ്‌ ഹൌസില്‍ അദ്ദേഹം നിര്‍വഹിച്ചു. എക്കണോമിക്സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ്‌ ഡയറക്ടര്‍ വി രാമചന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു.