Friday, June 18, 2010

എസ്‌.എഫ്‌.ഐ യുടെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക: കെ.സി.വൈ. എം

കലാലയങ്ങളെ കലാപഭൂമികളാക്കി മാറ്റി അക്രമരാഷ്ട്രീയം അഴിച്ചുവിടുന്ന എസ്‌.എഫ്‌.ഐ യുടെ പ്രവര്‍ത്തനങ്ങളെ കെ.സി.വൈ.എം ശക്തമായി അപലപിച്ചു. വിദ്യാഭ്യാസരംഗത്ത്‌ നൂറ്റാണ്ടുകളുടെ മഹനീയ പാരമ്പര്യമുള്ള സി.എം.എസ്‌. കോളേജില്‍ എസ്‌.എഫ്‌.ഐ നടത്തിയ താണ്ഡവം കേരളത്തിലെ ജനങ്ങളോടും വിദ്യാര്‍ത്ഥികളോടുമുള്ള വെല്ലുവിളിയാണ്‌. അക്രമത്തെ ന്യായീകരിച്ചുകൊണ്ട്‌ കത്തോലിക്കാസഭയെ അപമാനപ്പെടുത്തുന്ന പ്രസ്താവനകളിലൂടെ എസ്‌.എഫ്‌.ഐ നേതൃത്വം രംഗത്ത്‌ വരുന്നത്‌ ആശങ്കാജനകമാണ്‌. ഭരിക്കുന്ന പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥിസംഘടന കേരളത്തിലെ കോളേജുകളില്‍ അക്രമം അഴിച്ചുവിടുകയും അതിനെ അപലപിച്ചുകൊണ്ട്‌ മുഖ്യമന്ത്രിയും വിദ്യാഭ്യാസവകുപ്പ്‌ മന്ത്രിയും നടത്തുന്ന പ്രസ്താവനകളിലെ കാപട്യം കേരളത്തിലെ ജനങ്ങള്‍ക്ക്‌ മനസ്സിലാകും. ത്രിതലപഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ട്‌ നടത്തുന്ന ഇത്തരം പ്രകടനങ്ങള്‍ കപടരാഷ്ട്രീയത്തിണ്റ്റെ മറ്റൊരുമുഖമാണ്‌. കേരളത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള വിലകുറഞ്ഞ ജല്‍പനങ്ങള്‍ കുട്ടിനേതാക്കന്‍മാരെക്കൊണ്ട്‌ വിളിച്ചുപറയിപ്പിക്കുന്ന പ്രവണത അവസാനിപ്പിച്ചെല്ലെങ്കില്‍ ശക്തമായ വെല്ലുവിളകള്‍ കേരളസമൂഹത്തില്‍ നിന്ന്‌ സി.പി.എം ഉം എസ്‌.എഫ്‌.ഐ യും നേരിടേണ്ടി വരും. വിദ്യാഭ്യാസസ്ഥാപനങ്ങളെ വീണ്ടും അക്രമത്തിനുള്ള വേദിയാക്കി മാറ്റാനുള്ള കുത്സിത ശ്രമങ്ങളെ കെ.സി.വൈ.എം ശക്തമായി നേരിടും. കെ.സി.വൈ.എം സംസ്ഥാന കാര്യാലയത്തില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ കെ.സി.വൈ.എം സംസ്ഥാന പ്രസിഡണ്റ്റ്‌ ദീപക്‌ ചേര്‍ക്കോട്ട്‌, സംസ്ഥാന ജന. സെക്രട്ടറി ജോണ്‍സണ്‍ ശൂരനാട്‌, വൈസ്പ്രസിഡണ്റ്റുമാരായ അനിത ആന്‍ഡ്രൂ, എ.ബി. ജസ്റ്റിന്‍, സംസ്ഥാന ഭാരവാഹികളായ സന്തോഷ്‌ മൈലം, മെറീന റിന്‍സി, ലിജോ പയ്യപ്പള്ളി, ടിറ്റു തോമസ്‌, സംസ്ഥാന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍ എന്നിവര്‍ പ്രസംഗിച്ചു.