Tuesday, June 29, 2010

അവശര്‍ക്കും അനാഥര്‍ക്കും ആശ്രയമാകണം: മാര്‍ പോളി കണ്ണൂക്കാടന്‍

ഈ ചെറിയവരില്‍ ഒരുവന്‌ നിങ്ങള്‍ ചെയ്തപ്പോള്‍ എനിക്ക്‌ തന്നെയാണ്‌ ചെയ്തത്‌ എന്ന തിരുവചനം കൈമുതലാക്കി സമൂഹത്തിണ്റ്റെ അടിത്തട്ടിലേക്ക്‌ ഇറങ്ങിച്ചെല്ലുവാനും അവശര്‍ക്കും അനാഥര്‍ക്കും ആരോരുമില്ലാത്തവര്‍ക്കും മാനസികവൈകല്യമുള്ളവര്‍ക്കും സൌഖ്യദായകനായ കര്‍ത്താവിണ്റ്റെ സ്നേഹം പങ്കുവയ്ക്കാന്‍ ഏവര്‍ ക്കും കടമയുണ്ടെന്ന്‌ രൂപത ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍ ആഹ്വാ നം ചെയ്തു. നാമഹേതുക തിരുനാളാഘോഷങ്ങളുടെ ഭാഗമായി ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളോടൊപ്പം പങ്കുചേര്‍ന്നു സംസാരിക്കുകയായിരുന്നു ബിഷപ്‌. തിരുനാളിനോടനുബന്ധിച്ച്‌ ഇരിങ്ങാലക്കുട സാന്ത്വനഭവനത്തില്‍ അന്തേവാസികളോടൊപ്പം ഒരു ദിവസം ചെലവഴിച്ചുകൊണ്ട്‌ അന്തേവാസികള്‍ക്ക്‌ ബിഷപ്‌ ഉച്ചഭക്ഷണം വിളമ്പിക്കൊടുത്തു. ഇതിനോടനുബന്ധിച്ച്‌ നടന്ന സമ്മേളനത്തില്‍ കെസിവൈഎം രൂപതാ ചെയര്‍മാന്‍ അഡ്വ. ജോണ്‍ നിധിന്‍ തോമസ്‌ അധ്യക്ഷത വഹിച്ചു. കെസിവൈഎം ഡയറക്ടര്‍ ഫാ. വിത്സന്‍ എലുവത്തിങ്കല്‍ കൂനന്‍, ടോജോ ജോസഫ്‌, ലാജോ ഓസ്റ്റിന്‍, ടെല്‍സണ്‍ കോട്ടോളി, സിസ്റ്റര്‍ മേരി സെലിന്‍, സിസ്റ്റര്‍ ടോമിയ, ജോഷി പുത്തിരിക്കല്‍, ഷാജന്‍ ചക്കാലക്കല്‍, പോള്‍ മംഗലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെ പരിചരിക്കുന്ന പ്രതീക്ഷാഭവനിലും ബിഷപ്‌ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു.