Friday, June 25, 2010

കേരളത്തിലെ ആദ്യ താക്കോല്‍ദ്വാര ഹൃദയശസ്ത്രക്രിയ ലൂര്‍ദ്‌ ആശുപത്രിയില്‍

കേരളത്തില്‍ ആദ്യമായി താക്കോല്‍ദ്വാര ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി എറണാകുളം ലൂര്‍ദ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ മികവ്‌ തെളിയിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. കാര്‍ഡിയാക്‌ സര്‍ജന്‍ ഡോ.പ്രവീണ്‍ മേനോണ്റ്റെ നേതൃത്വത്തില്‍ രണ്ടു രോഗികളിലാണ്‌ വിജയകരമായി താക്കോല്‍ദ്വാര ഹൃദയശസ്ത്രക്രിയ നടത്തിയത്‌.സാധാരണയായി ത്വക്കില്‍ 20സെണ്റ്റിമീറ്റര്‍ നീളത്തില്‍ മുറിവുണ്ടാക്കി നെഞ്ചിലെ അസ്ഥികള്‍ രണ്ടായി വിഭജിച്ചു ശസ്ത്രക്രിയ ചെയ്യുന്ന രീതിയാണ്‌ നിലവിലുള്ളത്‌. എന്നാല്‍, വെറും ആറു സെണ്റ്റിമീറ്റര്‍ മാത്രം നീളത്തില്‍ ഉണ്ടാക്കുന്ന ചെറിയ മുറിവിലൂടെ നൂതന ഉപകരണങ്ങളുടെ സഹായത്തോടെയാണ്‌ താക്കോല്‍ദ്വാര ഹൃദയവാല്വ്‌ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്‌. താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ രക്തത്തിണ്റ്റെ ഉപയോഗം നന്നേ കുറവാണ്‌. ശസ്ത്രക്രിയയ്ക്കുശേഷമുള്ള സങ്കീര്‍ണതകള്‍, അണുബാധ, തീവ്രവേദന എന്നിവയ്ക്കുള്ള സാധ്യതയും കുറവാണ്‌. ശസ്ത്രക്രിയ സൃഷ്ടിക്കുന്ന മുറിവിണ്റ്റെ അടയാളം വളരെ ചെറുതായിരിക്കും. നെഞ്ചു തുറന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം രോഗി സുഖം പ്രാപിക്കാന്‍ എടുക്കുന്ന 90ദിവസം എന്നതു 30ദിവസമായി കുറയ്ക്കാന്‍ കഴിയുമെന്നതാണ്‌ താക്കോല്‍ദ്വാര ഹൃദയ ശസ്ത്രക്രിയയുടെ മികച്ച നേട്ടമെന്ന്‌ ആശുപത്രി ഡയറക്ടര്‍ ഫാ.ഫ്രാന്‍സിസ്‌ സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, ഡോ.പ്രവീണ്‍ മേനോന്‍ എന്നിവര്‍ പറഞ്ഞു. പുഷ്പി (38), സീതാറാം പോറ്റി (62) എന്നീ രണ്ടു രോഗികളിലാണ്‌ ഹൃദയ വാല്വ്‌ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. കാര്‍ഡിയാക്‌ സര്‍ജന്‍ ഡോ.പ്രവീണ്‍ മേനോണ്റ്റെ നേതൃത്വത്തില്‍ കാര്‍ഡിയാക്‌ അനസ്തറ്റിസ്റ്റ്‌ ഡോ.റിയാസ്‌ അഷറഫ്‌, ഡോ.മീനാക്ഷി പാട്ടീല്‍, ഫിസിഷ്യന്‍ അസിസ്റ്റണ്റ്റ്‌ മഞ്ജു, പെര്‍ഫ്യൂഷനിസ്റ്റ്‌ ജിബി, ദൃശ്യ എന്നിവരടങ്ങിയ വിദഗ്ധ ടീം ആണ്‌ ലൂര്‍ദ്‌ ഹാര്‍ട്ട്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹൃദയസംബന്ധമായ ശസ്ത്രക്രിയകള്‍ നടത്തുന്നത്‌