തൊടുപുഴ ന്യൂമാന്‍ കോളജിലെ ജോസഫ് എന്ന അധ്യാപകനെതിരേ കിരാതമായ തരത്തില്‍ ആക്രമണം നടത്തിയതു ന്യായീകരിക്കാനോ നീതീകരിക്കാനോ കഴിയില്ലെന്നു കെസിബിസി വക്താവ് റവ.ഡോ.സ്റ്റീഫന്‍ ആലത്തറ വ്യക്തമാക്കി.നമ്മുടെ നാട്ടിലെ മതസൌഹാര്‍ദത്തോടും സാഹോദര്യത്തോടും നിയമവ്യവസ്ഥകളോടുമുള്ള വെല്ലുവിളിയാണ് ഈ ആക്രമണം. സംഭവം തികച്ചും അപലപനീയമാണെന്നും കെസിബിസി പറഞ്ഞു. ചോദ്യപേപ്പറില്‍ തെറ്റു സംഭവിച്ചെന്നു മനസിലാക്കിയ ഉടനെ തന്നെ ജോസഫിനെ മാനേജ്മെണ്റ്റ് സസ്പെന്‍ഡ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നു തിരിച്ചറിഞ്ഞപ്പോള്‍ നിരുപാധികം മാപ്പു ചേദിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദം തകരരുതെന്നു കരുതിയാണ് സഭ വളരെപ്പെട്ടെന്നു ശിക്ഷാ നടപടി കൈക്കൊണ്ടത്. നമ്മുടെ നിയമവ്യവസ്ഥ അനുസരിച്ചു അന്വേഷണത്തിന് വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഈ അധ്യാപകനെന്നും അദ്ദേഹത്തെ ആക്രമിച്ചതു നിയമവ്യവസ്ഥയെ അവഹേളിക്കലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.