Tuesday, July 6, 2010

ആദിമസഭയുടെ മാതൃക പിന്‍തുടരണം: മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍

സമൂഹത്തിലെ അശരണരും ആലംബഹീനരുമായവരില്‍ സ്നേഹവും സാന്ത്വനവും പകര്‍ന്നു നല്‍കി ക്രൈസ്തവ സമുദായം ആദിമ സഭയുടെ മാതൃക പിന്‍തുടരണമെന്നു താമരശേരി രൂപതാ ബിഷപ്പ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍ ഉത്ബോധിപ്പിച്ചു. പരിയാപുരം ഫാത്തിമ മാതാ ദേവാലയത്തില്‍ ഇടവകസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രോഗികളും ദരിദ്രരുമായ ആളുകള്‍ നമ്മുക്കു ചുറ്റുമുണ്ട്‌. ആഹാരത്തിനും വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ വിവാഹത്തിനും നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന അവരുടെ ദു:ഖങ്ങളും പ്രയാസവും കണ്ടറിഞ്ഞു ആശ്വാസം നല്‍കാന്‍ സമുദായം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. മക്കളെ വിശ്വാസതീഷ്ണതയില്‍ വളര്‍ത്താനും അവര്‍ക്കു നല്ല മാതൃകകളും മൂല്യങ്ങളും പകര്‍ന്നു നല്‍കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.പ്രതിസന്ധിഘട്ടങ്ങളില്‍ സമുദായം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ബിഷപ്പ്‌ ആഹ്വാനം ചെയ്തു. ദേവാലയാങ്കണത്തിലെത്തിയ ബിഷപ്പിനെ വികാരി ഫാ. സെബാസ്റ്റ്യന്‍ പൂക്കുളം, ഫാ. ജോര്‍ജ്‌ ചെമ്പരത്തി എന്നിവരുടെ നേതൃത്വത്തില്‍ ഇടവക സമൂഹം ഊഷ്മള സ്വീകരണം നല്‍കി. തുടര്‍ന്നു ആഘോഷമായ ദിവ്യബലിക്കു ബിഷപ്പ്‌ കാര്‍മികത്വം വഹിച്ചു. ഇടവകയിലെ മതബോധന ക്ളാസുകളുടെ അവാര്‍ഡ്ദാന ചടങ്ങ്‌ ബിഷപ്പ്‌ ഉദ്ഘാടനം ചെയ്തു.