മതസൌഹാര്‍ദം പുലരാന്‍ എല്ലാ മതസ്ഥരും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് യാക്കോബായ സുറിയാനിസഭ ശ്രേഷ്്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മണര്‍കാട് മര്‍ത്തമറിയം പള്ളിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉദ്ബേധിപ്പിച്ചു. ജാതി, മത വ്യത്യാസങ്ങള്‍ക്കുപരി എല്ലാ മനുഷ്യരും സഹോദരങ്ങളാണ്. വ്യത്യസ്ത രീതിയിലെങ്കിലും ഒരേ ദൈവത്തെ ആരാധിക്കുന്ന മനുഷ്യര്‍ ജാതിയുടെ പേരില്‍ ആയുധമെടുക്കുന്നതു വേദനാകരമാണ്. എപ്പിസ്കോപ്പല്‍ സഭയുടെ പാരമ്പര്യങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി സമീപകാലത്തു നടന്ന മെത്രാന്‍ സ്ഥാനാഭിഷേകം ക്രൈസ്തവ സമൂഹത്തിന് അപമാനമാണെന്നു ബാവ പറഞ്ഞു. യാക്കോബായ സുറിയാനി സഭയില്‍ നിന്നു മുടക്കം കല്‍പിച്ച രണ്ട് മെത്രാപ്പോലീത്തമാര്‍ ചേര്‍ന്നാണു സുറിയാനി ഓര്‍ത്തഡോക്സ് സഭയില്‍ നിന്നു മുടക്കപ്പെട്ട മോസസ് ഗൂര്‍ഗാനെ മെത്രാനായി വാഴിച്ചത്. മോസസ് ഗൂര്‍ഗാനെ വാഴിച്ച മെത്രാപ്പോലീത്തമാര്‍ ഇപ്പോള്‍ നിലകൊള്ളുന്ന സഭാനേതൃത്വം സംഭവത്തെപ്പറ്റിയുള്ള നിലപാട് വ്യക്തമാക്കണമെന്നും ബാവ ആവശ്യപ്പെട്ടു. പരിശുദ്ധ ഇഗ്നാത്തിയോസ് സാഖ പ്രഥമന്‍ ബാവ ഇവര്‍ക്കു മുടക്കം കല്‍പിച്ചതാണെന്നും സഭയുടെ പള്ളികളിലോ മറ്റുസ്ഥാപനങ്ങളിലോ ഇവര്‍ക്കു യാതൊരു അവകാശമില്ലെന്നും കാതോലിക്കബാവ വ്യക്തമാക്കി. കോട്ടയം സിഎംഎസ് കോളജിലെ അക്രമവും മൂവാറ്റുപുഴയില്‍ അധ്യാപകനെ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പിച്ചതും നീതികരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരേ കര്‍ക്കശന നടപടി സ്വീകരിക്കണമെന്നാണു സഭയുടെ നിലപാടെന്നും ബാവാ വിശദീകരിച്ചു.