Tuesday, July 13, 2010

മോണ്‍. ജോസഫ്‌ പഞ്ഞിക്കാരന്‍ ദൈവദാസപദവിയിലേക്ക്‌

മെഡിക്കല്‍ സിസ്റ്റേഴ്സ്‌ ഓഫ്‌ സെണ്റ്റ്‌ ജോസഫിണ്റ്റെ സ്ഥാപകനും കേരളത്തിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന മോണ്‍. ജോസഫ്‌ സി. പഞ്ഞിക്കാരനെ ദൈവദാസപദവിയിലേക്കുയര്‍ത്തുന്നു. പതിനെട്ടിനു കോതമംഗലത്തു ദൈവദാസപദവി പ്രഖ്യാപനം നടക്കും. കോതമംഗലത്തെ പ്രശസ്തമായ സെണ്റ്റ്‌ ജോസഫ്‌ ധര്‍മഗിരി ആശുപത്രിക്കു തുടക്കമിട്ടതിലൂടെയാണ്‌ മോണ്‍. ജോസഫ്‌ പഞ്ഞിക്കാരന്‍ സാമൂഹികപ്രവര്‍ത്തന മേഖലയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. 1888സെപ്റ്റംബര്‍ പത്തിന്‌ ചേര്‍ത്തലയ്ക്കടുത്ത്്‌ ഉഴുവയിലാണ്‌ അച്ചണ്റ്റെ ജനനം. സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ശ്രീലങ്കയിലെ കാന്‍ഡിയിലായിരുന്നു വൈദികപരിശീലനം നടത്തിയത്‌. 1918ഡിസംബര്‍ 21ന്‌ പൌരോഹിത്യം സ്വീകരിച്ചു. ആലുവ സെണ്റ്റ്‌ മേരീസ്‌ ഹൈസ്കൂളില്‍ അധ്യാപകനായാണ്‌ മോണ്‍.ജോസഫ്‌ പഞ്ഞിക്കാരന്‍ സാമൂഹ്യസേവനം ആരംഭിക്കുന്നത്‌. പിന്നോക്ക, ദളിത്‌ വിഭാഗക്കാര്‍ക്കിടയില്‍ അച്ചന്‍ നടത്തിയ സേവനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 1934ലാണ്‌കോതമംഗലത്ത്‌ അച്ചണ്റ്റെ നേതൃത്വത്തില്‍ ധര്‍മഗിരി ആശുപത്രി സ്ഥാപിക്കുന്നത്‌. ആതുരസേവന രംഗത്തെ ശുശ്രൂഷ ലക്ഷ്യമാക്കി 1944ല്‍മെഡിക്കല്‍ സിസ്റ്റേഴ്സ്‌ ഓഫ്‌ സെണ്റ്റ്‌ ജോസഫ്‌ (എംഎസ്ജെ)തുടങ്ങി. 1949ല്‍ആകസ്മിക നിര്യാണത്തിലൂടെ ഫാ.ജോസഫ്‌ പഞ്ഞിക്കാരന്‍ യാത്രയാവുമ്പോള്‍ ആയിരങ്ങള്‍ക്ക്‌ അത്താണിയാവുന്ന തരത്തില്‍ അച്ചന്‍ തുടങ്ങിവച്ച ശുശ്രൂഷാമേഖലകള്‍ വ്യാപിച്ചിരുന്നു. പതിനെട്ടിന്‌ കോതമംഗലം സെണ്റ്റ്‌ ജോര്‍ജ്‌ കത്തീഡ്രല്‍ ഓഡിറ്റോറിയത്തിലാണ്‌ മോണ്‍. ജോസഫ്‌ സി. പഞ്ഞിക്കാരണ്റ്റെ ദൈവദാസപദവി പ്രഖ്യാപനച്ചടങ്ങുകള്‍ നടക്കുന്നത്‌. ഉച്ചകഴിഞ്ഞ്‌ 2.30ന്‌ ആരംഭിക്കുന്ന ചടങ്ങില്‍ കോതമംഗലം രൂപതാ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.