Friday, August 13, 2010

വിശുദ്ധ അല്‍ഫോന്‍സാ അപൂര്‍വ ആത്മീയ തേജസ്‌: രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍

അത്യപൂര്‍വമായ ആത്മീയ തേജസായിരുന്നു വിശുദ്ധ അല്‍ഫോന്‍സാ എന്ന്‌ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍. ഭരണങ്ങാനത്ത്‌ അല്‍ഫോന്‍സാമ്മയുടെ ജന്‍മശതാബ്ദി സമാപനത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു രാഷ്ട്രപതി. കഴിഞ്ഞ നൂറ്റാണ്ടില്‍ സമാധാനത്തിണ്റ്റെ അപ്പസ്തോലനായ മഹാത്മാഗാന്ധി സത്യത്തിണ്റ്റെയും അഹിംസയുടെയും ശക്തി നമ്മെ പഠിപ്പിച്ചു. ഏകാന്തതയില്‍ ജീവിക്കുന്ന ഒരു പുണ്യാത്മാവിന്‌ ചിന്തയിലൂടെ മാത്രം സമൂഹത്തെ സേവിക്കാനാവുമെന്നും ദശലക്ഷങ്ങളില്‍ ഒരാള്‍ മാത്രമാവും അങ്ങനെയുണ്ടാവുക എന്നും ഗാന്ധിജി പറഞ്ഞിരുന്നു. അത്തരമൊരു അപൂര്‍വവ്യക്തിത്വമാണ്‌ വിശുദ്ധ അല്‍ഫോന്‍സാ എന്ന്‌ രാഷ്ട്രപതി ചൂണ്ടിക്കാട്ടി.കന്യാസ്ത്രീമഠത്തിണ്റ്റെ ലളിതമായ ചുറ്റുപാടില്‍ ജീവിക്കുമ്പോഴും വളരെയധികം സ്നേഹവും ക്ഷമയും ശാന്തതയുമൊക്കെ പ്രകടിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. നിരന്തരമായി ശാരീരിക അവശതകളാലും രോഗങ്ങളാലും പീഡിപ്പിക്കപ്പെടുമ്പോഴും പുറമേയോ ഉള്ളിലോ യാതൊരു വേദനയും പ്രകടിപ്പിക്കാതെ അതിനെ സന്തോഷത്തോടെ സ്വീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. അതുകൊണ്ടാവണം തണ്റ്റെ കോണ്‍വണ്റ്റിനു സമീപത്തുള്ള സ്കൂളിലെ കുട്ടികള്‍ അവരെ 'ഞങ്ങളുടെ ചിരിക്കുന്ന കന്യാസ്ത്രീ' എന്ന്‌ വിളിച്ചിരുന്നത്‌. വിശുദ്ധ അല്‍ഫോന്‍സാ ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച സ്നേഹത്തിണ്റ്റെയും കരുണയുടെയും മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതാവും ആ വിശുദ്ധയ്ക്ക്‌ നല്‍കാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി എന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. കത്തോലിക്കാ സഭയുടെ ഇന്ത്യയിലെ ആദ്യ വിശുദ്ധയായ ഒരു വനിതയുടെ ജന്‍മശതാബ്ദി ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത്‌ ഇന്ത്യയുടെ പ്രഥമ വനിതാ പ്രസിഡണ്റ്റായ തനിക്കൊരു ബഹുമതിയാണെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ രാഷ്ട്രപതി തണ്റ്റെ പ്രസംഗം ആരംഭിച്ചത്‌. നിശ്ചിത സമയത്തിനും അല്‍പം വൈകി വൈകുന്നേരം ആറുമണിയോടെ ഭരണങ്ങാനത്ത്‌ എത്തിച്ചേര്‍ന്ന രാഷ്ട്രപതി ആദ്യം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച്‌ പ്രണാമം അര്‍പ്പിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. പിന്നീട്‌ പ്രധാനവേദിയിലെത്തി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ജന്‍മശതാബ്ദി സ്മാരകമായി നിര്‍മിക്കുന്ന അല്‍ഫോന്‍സാ ഹോസ്പിസിണ്റ്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു.