വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ പുണ്യപുളകിതമായ ഭരണങ്ങാനത്തിണ്റ്റെ മണ്ണിലേക്ക് ഭാരതത്തിണ്റ്റെ പ്രഥമ വനിത ഇന്നെത്തും. ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയുടെ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ വരവേല്‍ക്കാനുള്ള മുഴുവന്‍ ക്രമീകരണങ്ങളും തയാറായിക്കഴിഞ്ഞു. വൈകുന്നേരം 5.10 മുതല്‍ ആറു വരെയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന പ്രൌഢോജ്വല സമ്മേളനത്തിന് തീര്‍ഥാടനകേന്ദ്രം ആതിഥ്യമരുളുക. കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടില്‍ പ്രത്യേക ഹെലികോപ്റ്ററിലെത്തുന്ന രാഷ്ട്രപതി റോഡുമാര്‍ഗം കുമരകത്ത് താജ് ഹോട്ടലിലെത്തി വിശ്രമിച്ചതിനുശേഷമാണ് ഭരണങ്ങാനത്തെത്തുന്നത്. കോട്ടയത്തുനിന്ന് മണര്‍കാട്, കിടങ്ങൂറ്‍, പാലാ വഴിയാണ് വിശുദ്ധയെ വണങ്ങാന്‍ രാഷ്്ട്രപതി വരുന്നത്. തീര്‍ഥാടനകേന്ദ്രത്തിണ്റ്റെ മുഖ്യകവാടത്തിലൂടെ കടന്ന് അല്‍ഫോന്‍സാ റോഡിലൂടെ അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയശേഷം സമ്മേളനവേദിയിലെത്തി 17 മിനിറ്റ് പ്രസംഗിക്കും. രാഷ്ട്രപതി എത്തുന്ന വാഹനം സമ്മേളനവേദിക്കു തൊട്ടുസമീപം വരെ എത്തുംവിധമാണു ക്രമീകരണം. രാഷ്ട്രപതിക്കൊപ്പമെത്തുന്ന വാഹനവ്യൂഹം സമ്മേളനവേദിക്കു സമീപം അല്‍ഫോന്‍സാ റോഡിനു പാര്‍ശ്വത്തായി പാര്‍ക്കു ചെയ്യും. രാഷ്ട്രപതിക്കൊപ്പം സമ്മേളനവേദി പങ്കിടുന്ന എല്ലാവരും രാഷ്ട്രപതിക്കു മുമ്പേ തന്നെ വേദിയില്‍ ഉപവിഷ്ടരാകും. വേദിയിലെത്തുന്ന രാഷ്ട്രപതിയെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പൂച്ചെണ്ടു നല്‍കി സ്വീകരിക്കും. തുടര്‍ന്ന് ദേശീയഗാനത്തോടെ 5.20-ന് സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് അല്‍ഫോന്‍സാ ജന്‍മശതാബ്ദി ഗാനം. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതം ആശംസിക്കും. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം, ഡോ. സൂസപാക്യം, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, മേഘാലയ മുന്‍ ഗവര്‍ണര്‍ എം. എം. ജേക്കബ്, എംഎല്‍എമാരായ കെ.എം. മാണി പി.സി. ജോര്‍ ജ്, ജോസ് കെ. മാണി എംപി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഗവര്‍ണര്‍ ആര്‍.എസ്. ഗവായ് അധ്യക്ഷത വഹിക്കും. എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ സിന്‍ക്ളെയര്‍ സമ്മേളനത്തില്‍ നന്ദി അര്‍പ്പിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ നാലു വരെ സമ്മേളനവേദിയിലേക്ക് പ്രവേശനം അനുവദിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി മെറ്റല്‍ ഡിറ്റക്ടറിലൂടെയാണ് മുഴുവന്‍ ആളുകള്‍ക്കും പ്രവേശനം. സമ്മേളനവേദിയില്‍ ഗായകസംഘത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തിനെത്തുന്ന മുഴുവന്‍ പേര്‍ക്കും സമ്മേളനാനന്തരം ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. സമ്മേളനസ്ഥലത്ത് കുടിവെള്ളവും വൈദ്യസഹായവും തയാറാക്കിയിട്ടുണ്ട്. ക്രമീകരണങ്ങളുടെ വിലയിരുത്തലിനായി മാര്‍ ജോസഫ് കല്ലറങ്ങാട്ടിണ്റ്റെ അധ്യക്ഷതയില്‍ ഇന്നലെ യോഗം ചേര്‍ന്നു. രാഷ്ട്രപതിയുടെ യാത്രയും സമ്മേളനവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി 7.30-ഓടെ മോക് ഡ്രില്‍ സമ്മേളന വേദിയിലെത്തി. ഇരുപതോളം വാഹനങ്ങളടങ്ങിയ വ്യൂഹമാണ് റിഹേഴ്സലില്‍ പങ്കെടുത്തത്. എഡിജിപി സിബി മാത്യൂസ്, ഐജി ബി. സന്ധ്യ, ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, എസ്പി പി.ജി. അശോക് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. രാഷ്ട്രപതി എത്തുന്ന റോഡുകളില്‍ മുഴുവനും ബാരിക്കേഡുകള്‍ തീര്‍ത്ത് സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തെരുവുവിളക്കുകളും പൂര്‍ണമായി സ്ഥാപിച്ചിട്ടുണ്ട്.