ഒരു ജനവിഭാഗത്തിനു മാത്രം നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും നീതിനിഷേധം ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും കണ്ണൂറ്‍ രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍. ദളിത് ക്രൈസ്തവരെ സംബന്ധിച്ച രംഗനാഥമിശ്ര കമ്മീഷന്‍ ശിപാര്‍ശ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടു കൌണ്‍സില്‍ ഓഫ് ദളിത് ക്രിസ്ത്യന്‍സ്, ദളിത് കത്തോലിക്കാ മഹാസഭ എന്നിവയുടെ നേതൃത്വത്തിലുള്ള രാജ്ഭവന്‍ മാര്‍ച്ച് കാഞ്ഞങ്ങാട്ട് ഫ്ളാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അയല്‍രാജ്യങ്ങളെല്ലാം ഏകാധിപത്യത്തിലേക്കു കൂപ്പുകുത്തുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി നിലകൊള്ളുന്നത് ദൈവത്തിണ്റ്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രമാണ്. ഗാന്ധിജിയുടെ പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ സബര്‍മതികള്‍ രാജ്യത്തു സൃഷ്ടിക്കണം. ഇതിനു നീതി, ഐക്യം, കൂട്ടായ്മ എന്നിവ അത്യാവശ്യമാണ്. ഇതു ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണം.-ബിഷപ് പറഞ്ഞു. ഭരണഘടന അനുശാസിക്കുന്ന തുല്യനീതി നടപ്പിലാക്കുന്നതിനു സര്‍ക്കാരിനു കടമയില്ലേയെന്നും പാവപ്പെട്ട ദളിതരോട് എന്തിനാണീ നീതി നിഷേധമെന്നും അദ്ദേഹം ചോദിച്ചു. സിഡിസി കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ കെ.എം.ലൂയീസ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് അപ്പസ്തോല റാണി ചര്‍ച്ച് വികാരി ഫാ. സജി ജോണ്‍, ഫാ. ബൈജു തോമസ്, ഫാ. ജോണ്‍ അരീക്കല്‍, പാസ്റ്റര്‍ ജേക്കബ് കല്ലുങ്കല്‍ കനകപ്പള്ളി, യു.വി.മാത്യു, ഷിബു ജോസഫ്, കെ.ജെ.റ്റിറ്റന്‍, പി.ഒ.പീറ്റര്‍, സി.കുഞ്ഞാപ്പി, ടി.ജെ. ഏബ്രഹാം, വി.ജെ.ജോര്‍ജ് പ്രസംഗിച്ചു. ബേബി സെബാസ്റ്റ്യന്‍ സ്വാഗതവും കെ.ജെ.സാബു നന്ദിയും പറഞ്ഞു.