Friday, August 27, 2010

മദര്‍ തെരേസയുടെ ജീവിതപാത പിന്തുടരണം: മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ

ഭയപ്പെടുത്തുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ വികാര വിചാരങ്ങള്‍ നമ്മെ ആശങ്കയിലാഴ്ത്തുമ്പോള്‍ ഭാരതത്തിണ്റ്റെ മതേതരത്വം അമൂല്യമായി കാത്തുസൂക്ഷിച്ച മദര്‍ തെരേസയുടെ ജീവിതം നാം അനുവര്‍ത്തിക്കണമെന്ന്‌ മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ. മദര്‍തെരേസയുടെ നൂറാം പിറന്നാളിനോടനുബന്ധിച്ച്‌ പാളയം സെണ്റ്റ്‌ ജോസഫ്സ്‌ കത്തീഡ്രലില്‍ നടന്ന കൃതജ്ഞതാ സ്തോത്ര ദിവ്യബലിയില്‍ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക തുല്യമായ ജീവിതം നയിച്ച വ്യക്തിയാണ്‌ മദര്‍ തെരേസ. കൊല്‍ക്കൊത്തയിലെ കാളിഘട്ടില്‍ ആരംഭിച്ച ഉപവിയുടെ സഹോദരിമാരുടെ പ്രസ്ഥാനം 135 രാജ്യങ്ങളിലെ 5000 ഓളം സഹോദരിമാരുടെ ശുശ്രൂഷാ സമൂഹമായി മാറിയത്‌ തിരുവചന ഭാഗങ്ങള്‍ ഹൃദയത്തില്‍ മുദ്രയും കരങ്ങളില്‍ അടയാളവുമായി പതിച്ചതുകൊണ്ടാണ്‌. അല്‍ബേനിയക്കാരിയെ ഇരുകരവും നീട്ടി ഭാരതീയര്‍ സ്വീകരിച്ചത്‌ യാദൃശ്ചികമായിട്ടല്ല. അതിഥി ദേവോ ഭവ എന്ന ചിന്താഗതിയിലാണ്‌ അവരെ ഭാരതത്തിലേക്ക്‌ സ്വീകരിച്ചത്‌. മുറിക്കപ്പെട്ട ഓസ്തിയിലും രോഗിയുടെ മുറിവുകളിലും ഒരേ രീതിയില്‍ യേശുവിനെ കണ്ടു എന്നതാണ്‌ മദര്‍ തെരേസയുടെ പ്രത്യേകത. ഇതാ ലോകത്തിണ്റ്റെ കുഞ്ഞാട്‌ എന്ന്‌ പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ച്‌ പ്രഘോഷിക്കുമ്പോള്‍, അവിടെ കാണുന്ന യേശുവിനെ കുഷ്ഠരോഗിയുടെ മുറിവുകള്‍ക്കിടയിലൂടെ കാണാനുള്ള കാഴ്ചശക്തി മദറിനുണ്ടായി. ഇതാണ്‌ ലോകത്തിനു മുന്നില്‍ വലിയ സാക്ഷ്യമായി രൂപാന്തരപ്പെട്ടത്‌. സേവനം ശുശ്രൂഷയാക്കി മദര്‍ ജീവിതത്തെ രൂപാന്തരപ്പെടുത്തി. തണ്റ്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശക്തി പരിശുദ്ധ കുര്‍ബാനയുടെ ആരാധനയില്‍ നിന്നാണ്‌ സ്വീകരിച്ചതെന്നു പറയാന്‍ മദര്‍ മടികാട്ടിയില്ല. ഇക്കാര്യം തുറന്നു പറഞ്ഞിട്ടും കമ്യൂണിസ്റ്റുകാരനായ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസു, എണ്റ്റെ അമ്മയെന്നാണ്‌ മദറിനെ വിശേഷിപ്പിച്ചുപോന്നത്‌.അര്‍ഥശങ്കയ്ക്കിട നല്‍കാതെ മതനിരപേക്ഷതയിലൂടെ, ഭാരതത്തിണ്റ്റെ സംസ്കാരത്തിലൂടെ മദര്‍ ലോകത്തിന്‌ സ്നേഹത്തിണ്റ്റെ ഭാഷ്യം നല്‍കി. കത്തോലിക്കാസമൂഹത്തിന്‌ വലിയ അനുഭവവും അഭിമാനവുമാണ്‌ മദര്‍ നല്‍കിയത്‌. ദൈവസ്നേഹത്തിണ്റ്റെ പുതിയ രൂപഭാവങ്ങള്‍ മദര്‍ നല്‍കി. മൂന്നു ശതമാനം പോലുമില്ലാത്ത ഭാരതീയ ക്രൈസ്തവ സമൂഹത്തിന്‌ മദര്‍ കൊല്‍ക്കൊത്ത തെരുവുകളില്‍ നല്‍കിയ പ്രചോദനം വലുതാണ്‌. ശരീരവും രാജ്യാതിര്‍ത്തികളും തടസമാക്കാതെ ഹൃദയത്തില്‍ നിന്നുള്ള സ്നേഹം മാത്രം ചൊരിഞ്ഞ കാരുണ്യത്തിണ്റ്റെ മാലാഖയാണ്‌ മദര്‍. ദൈവം സ്നേഹമാണെന്നും ആ സ്നേഹം എന്നും പങ്കുവയ്ക്കണമെന്നുമാണ്‌ മദര്‍ പറഞ്ഞത്‌. മാനസാന്തരം ദൈവാനുഭവത്തിലേക്കുള്ള അനുഭവമായി മദര്‍ എന്നും കണ്ടിരുന്നു. അവര്‍ ദൈവാനുഭവത്തില്‍ ജീവിച്ച്‌, ദൈവാനുഭവത്തില്‍ മറ്റുള്ളവരെ കൂടെ നടത്തി. ഭാരതീയ കന്യാസ്ത്രീയെന്ന്‌ വിളിച്ചപ്പോള്‍ അതില്‍ അഭിമാനംകൊണ്ടു. അനുഗ്രഹം ചൊരിഞ്ഞ്‌ മദര്‍ നമുക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ്‌. അതിനാല്‍ മതേതര സ്വഭാവത്തിണ്റ്റെ നിര്‍മലതയില്‍ മനുഷ്യ ജീവിത പരിപോഷണത്തിനും പാര്‍ശ്വവത്കരണത്തില്‍ കഴിയുന്നവരുടെ ഉന്നമനത്തിനുമായി നാം പ്രവര്‍ത്തിക്കണമെന്ന്‌ കാതോലിക്കാബാവ ഉദ്ബോധിപ്പിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്‌ ലോകത്തിനു ദൈവം നല്‍കിയ ദാനമാണ്‌ മദര്‍ തെരേസയെന്ന്‌ ആമുഖ പ്രസംഗത്തില്‍ തിരുവനന്തപുരം ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം സൂസപാക്യം പറഞ്ഞു. സ്നേഹത്തോടെയും ആദരവോടെയും ആള്‍ക്കാരെ ശുശ്രൂഷിക്കുന്നതിലാണ്‌ ജീവിത വിജയം അടങ്ങിയിരിക്കുന്നത്‌. കുരിശില്‍ കിടക്കുന്ന യേശുവിണ്റ്റെ ദാഹം സ്നേഹത്തിനായുള്ള ദാഹമായിരുന്നു. യേശുവിണ്റ്റെ സ്നേഹത്തിനു വേണ്ടിയുള്ള നിരന്തരമായ ധ്യാനവും അതിനായുള്ള തീഷ്ണമായ പരിശ്രമവുമായിരുന്നു മദറിണ്റ്റെ ജീവിതം. നിലനില്‍ക്കുന്ന സന്തോഷത്തിനും സൌഭാഗ്യത്തിണ്റ്റെ ഉറവിടമായ സ്നേഹത്തിനുമായിട്ടുള്ള ദാഹമാണ്‌ വേണ്ടത്‌. ദൈവത്തില്‍ നിന്ന്‌ അകന്നുപോകുന്ന മനുഷ്യനായല്ല, ദൈവത്തിനായി ദാഹിക്കുന്ന മനുഷ്യനായാണ്‌ മാറേണ്ടത്‌. ദൈവത്തിണ്റ്റെ ദാഹം ശമിപ്പിക്കുന്നതായിരുന്നു മദര്‍ തെരേസയുടെ ജീവിതമെന്നും ആര്‍ച്ച്‌ ബിഷപ്‌ സൂസപാക്യം പറഞ്ഞു.