Monday, August 9, 2010

മതത്തിണ്റ്റെ യഥാര്‍ഥ സ്വഭാവം അടങ്ങിയിരിക്കുന്നത്‌ സ്നേഹത്തിലാണ്‌: മാര്‍ തോമസ്‌ ചക്യത്ത്‌

മതത്തിണ്റ്റെ യഥാര്‍ഥ സ്വഭാവം അടങ്ങിയിരിക്കുന്നത്‌ സ്നേഹത്തിലാണെന്നും മതത്തിന്‌ ശത്രുക്കളുണ്ടാകുമ്പോള്‍ ആ മതം നാശത്തിലേക്ക്‌ കടന്നതായി കരുതണമെന്നും മാര്‍ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ വിവിധ മതനേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മതമൈത്രീസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിണ്റ്റെ ചിട്ടയും ക്രമവും നഷ്ടപ്പെടുന്നതിണ്റ്റെ സൂചനകളാണ്‌ അടുത്തകാലത്തുണ്ടായിട്ടുള്ള സംഭവങ്ങള്‍. അധ്യാപകണ്റ്റെ കൈവെട്ടിയതുപോലുള്ള സംഭവങ്ങള്‍ വേദനാജനകമാണ്‌. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കി ഒരു കുടുംബം പോലെ മുന്നോട്ടുപോകാന്‍ ശ്രമിക്കണമെന്നും മാര്‍ തോമസ്‌ ചക്യത്ത്‌ കൂട്ടിച്ചേര്‍ത്തു. മലയാളികളുടെ പാരമ്പര്യത്തെ ഒറ്റിക്കൊടുക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണമെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞ്‌ എംഎല്‍എ അഭിപ്രായപ്പെട്ടു. മതജീവിതത്തില്‍ ആര്‍ഭാടവും ധൂര്‍ത്തും വര്‍ധിച്ചതാണ്‌ പ്രശ്നങ്ങള്‍ക്ക്‌ കാരണമെന്ന്‌ തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ മോഡറേറ്റായിരുന്ന ഡോ. കെ.എസ്‌ രാധാകൃഷ്ണന്‍ പറഞ്ഞു. പ്രാദേശികതലത്തില്‍ വിവിധ മതങ്ങളുടെ സൌഹൃദക്കൂട്ടായ്മകള്‍ സംഘടിപ്പിക്കുക, വിവിധമതങ്ങളെയും വിശ്വാസങ്ങളെയും കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തുന്ന രീതിയില്‍ പാഠ്യപദ്ധതികള്‍ പരിഷ്കരിക്കുക, മതസ്പര്‍ധ ഉളവാക്കുന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കുക, മതനേതാക്കള്‍ പൊതുസമൂഹത്തോടും വിശ്വാസികളോടും പറയുന്നത്‌ ഒന്നു തന്നെയായിരിക്കുക, കുടുംബസദസുകളില്‍ ഇതരമതസ്ഥരെക്കൂടി ഉള്‍പ്പെടുത്താനുള്ള വിശാലമനസ്‌ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളടങ്ങുന്ന പ്രമേയം യോഗം അംഗീകരിച്ചു. സ്വാമി ശിവസ്വരൂപാനന്ദ, യൂസഫ്‌ ഉമരി, ഫാ. റോബി കണ്ണന്‍ചിറ എന്നിവര്‍ സര്‍വമതപ്രാര്‍ഥനയ്ക്ക്‌ നേതൃത്വം നല്‍കി. വരാപ്പുഴ അതിരൂപത സഹായമെത്രാന്‍ ഡോ. ജോസഫ്‌ കാരിക്കശേരി, ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത, എം. സലാഹുദ്ദീന്‍ മദനി, ജസ്റ്റിസ്‌ അബ്ദുള്‍ ഗഫൂറ്‍, ജസ്റ്റിസ്‌ പി.കെ ഷംസുദ്ദീന്‍, ജസ്റ്റിസ്‌ കെ.പി രാധാകൃഷ്ണമേനോന്‍, ജസ്റ്റിസ്‌ കെ.നാരായണക്കുറുപ്പ്‌, സ്വാമി പുരനന്ദനാന്ദ, ഫാ.റോബി കണ്ണന്‍ചിറ, അഡ്വ. ബി.എ അബ്ദുള്‍ മുത്തലിബ്‌, ഡോ. എം.സി ദിലീപ്‌ കുമാര്‍, അഡ്വ. അഞ്ജലി സൈറസ്‌, അഡ്വ. പി.കെ ഇബ്രാഹിം, ഡോ. ലാലിയമ്മ ജോസ്‌, അഡ്വ. ജോസ്‌ വിതയത്തില്‍, ഡോ.ശ്രീകുമാര്‍, മുഹമ്മദ്‌ അസ്ളം മൌലവി, എന്‍.എം ഷറഫുദ്ദീന്‍, ഫാ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു