Monday, August 16, 2010

വേദനിക്കുന്നവര്‍ക്ക്‌ ആശ്വാസം പകരുന്നതാണ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധത: മാര്‍ വര്‍ക്കി വിതയത്തില്‍

വേദനിക്കുകയും ദുഃഖിക്കുകയും ചെയ്യുന്ന സമൂഹത്തിന്‌ ആശ്വാസം പകരുന്ന വലിയ ശുശ്രൂഷയാണ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധതയെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. എറണാകുളം ബിഷപ്സ്‌ ഹൌസില്‍ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തിലുള്ള അല്‍മായ സാമൂഹികപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അല്‍മായ കമ്മീഷന്‍ നല്‍കുന്ന ധീരമായ നേതൃത്വം അഭിനന്ദനീയമാണെന്നും കര്‍ദിനാള്‍ സൂചിപ്പിച്ചു. തിരുവനന്തപുരത്തിനടുത്തു നെടുമങ്ങാട്‌ തുടങ്ങുന്ന ചാവറ ഇണ്റ്റര്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌, പാലിയേറ്റീവ്‌ കെയര്‍ സെണ്റ്റര്‍ സാന്ത്വന ജ്യോതി, പാപ്പനംകോട്ട്‌ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ലിവിംഗ്‌ എന്നീ പദ്ധതികളുടെ പ്രകാശനകര്‍മവും കര്‍ദിനാള്‍ നിര്‍വഹിച്ചു. അല്‍മായ സമൂഹത്തിണ്റ്റെ കഴിവും പ്രവൃത്തി പരിചയവും നാടിണ്റ്റെ വളര്‍ച്ചയ്ക്ക്‌ ഉപയുക്തമാക്കാന്‍ അവര്‍ക്ക്‌ സഹായം നല്‍കാന്‍ അല്‍മായ കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നു ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രസ്താവിച്ചു. യോഗത്തില്‍ കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ മെമ്പര്‍ ഡോ.സിറിയക്‌ തോമസ്‌, ടി.കെ. ജോസ്‌ ഐഎഎസ്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, പ്രോജക്ട്‌ എക്സിക്യൂട്ടീവ്‌ സെക്രട്ടറി കെ.എ. ഏബ്രഹാം കല്ലയ്‌റക്കല്‍, എറണാകുളം-അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. കാന്‍സര്‍ ഉള്‍പ്പെടെ മാറാരോഗങ്ങള്‍ മൂലം വേദനിക്കുന്നവര്‍ക്കും നിരാലംബരായ നിത്യരോഗികള്‍ക്കും വര്‍ധക്യത്തിലെത്തിയവര്‍ക്കും സൌജന്യ ചികിത്സയും സംരക്ഷണവും നല്‍കുന്ന പദ്ധതിക്കു നെടുമങ്ങാട്ട്്‌ 30 ഏക്കര്‍ സ്ഥലം സജ്ജമാക്കിയിട്ടുണ്ട്‌. കാന്‍സര്‍ രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, പഠനം, ഗവേഷണം, ചികിത്സ, മരണാസന്നരായ രോഗികള്‍ക്കുള്ള ശുശ്രൂഷകള്‍ ഇവയെല്ലാമാണ്‌ ലക്ഷ്യമിടുന്നത്‌. കേരളത്തിലുടനീളം നടത്താനുദ്ദേശിക്കുന്ന കാന്‍സര്‍ ബോധവത്കരണത്തിണ്റ്റെ ഭാഗമായി നവംബറില്‍ വിദഗ്ധരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ സംഘടനകളുടെയും വിപുലമായ സെമിനാര്‍ തിരുവനന്തപുരത്തു സംഘടിപ്പിക്കുമെന്നു പ്രോജക്ട്‌ എക്സിക്യൂട്ടീവ്‌ സെക്രട്ടറി കെ.എ. ഏബ്രഹാം കല്ലറയ്ക്കല്‍ അറിയിച്ചു.