Wednesday, September 29, 2010

സീറോ മലബാര്‍ സഭ അല്‍മായ നേതൃസമ്മേളനം കൊച്ചിയില്‍

സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ ദ്വിദിന നേതൃസമ്മേളനം അടുത്ത ഒന്‍പതിന്‌ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ തുടങ്ങും. രാവിലെ പത്തിന്‌ തുടങ്ങുന്ന സമ്മേളനം ഞായറാഴ്ച ഒന്നരയ്ക്കു സമാപിക്കും. സഭാപിതാക്കന്‍മാരും 13 രൂപതകളിലെ പാസ്റ്ററല്‍ കൌണ്‍സില്‍ അല്‍മായ സെക്രട്ടറിമാരും അല്‍മായ വനിതാ പ്രതിനിധികളും പ്രത്യേകം ക്ഷണിക്കപ്പെട്ട അല്‍മായ നേതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും. കേരളത്തിലെ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമൂഹ്യ പ്രശ്നങ്ങളില്‍ സഭയുടെ ഇടപെടലുകള്‍, അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ ആഗോള തലത്തില്‍ രൂപീകരിക്കുന്ന യുവജന, വിദ്യാര്‍ഥി, വനിത, ദളിത്‌ ഫോറങ്ങളുടെയും നിയമം, കൃഷി, ആരോഗ്യം-സേവനം, ശാസ്ത്ര-സാങ്കേതിക മേഖല, ചരിത്രവും സാഹിത്യവും, മാധ്യമങ്ങള്‍, രാജ്യാന്തര സംരംഭകത്വ പ്രോത്സാഹന കേന്ദ്രങ്ങള്‍ എന്നിവയ്ക്കായുള്ള സമിതികളുടെയും പ്രവര്‍ത്തനങ്ങള്‍, സഭാസമൂഹം ഇന്ന്‌ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, ആനുകാലിക വിഷയങ്ങളിന്‍മേലുള്ള സഭയുടെ നിലപാടുകള്‍ എന്നിവയെക്കുറിച്ച്‌ അല്‍മായ പ്രതിനിധികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സഭാപിതാക്കന്‍മാരുമായി സമ്മേളനം പങ്കുവയ്ക്കുമെന്ന്‌ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അറിയിച്ചു.