Monday, September 27, 2010

ദൈവകൃപ ലഭിക്കാന്‍ നാം പ്രത്യാശയോടെ കാത്തിരിക്കണം: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്

ദൈവകൃപ ലഭിക്കാന്‍ പ്രത്യാശയോടെ കാത്തിരിക്കണമെന്ന്‌ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. മൂലമറ്റം ഫൊറോനാതല ബൈബിള്‍ കണ്‍വന്‍ഷണ്റ്റെ രണ്ടാംദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഹൃദയങ്ങളെ വിശുദ്ധ ഗ്രന്ഥത്തിലേക്ക്‌ നയിക്കണം. തിരുവചനം നമ്മുടെ ഹൃദയത്തില്‍ വേരുപാകണം. തിരുവചനം കൊണ്ട്‌ നെയ്യപ്പെട്ട മേലങ്കിയായിരുന്നു പരിശുദ്ധ മറിയം. പരിശുദ്ധ മറിയം വചനത്തിനു പ്രത്യുത്തരം നല്‍കിയതുപോലെ ദൈവേഷ്ടത്തിനു സമര്‍പ്പിക്കാന്‍ നമുക്ക്‌ കഴിയണം. നമ്മുടെ മാനസാന്തരമാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. ഈശോ നമ്മുടെ ഉള്ളില്‍ വസിക്കണമെങ്കില്‍ ഹൃദയം വിശുദ്ധമാകണമെന്നും മാര്‍ കല്ലറങ്ങാട്ട്‌ പറഞ്ഞു. നിത്യജീവനെക്കുറിച്ചുള്ള ചിന്ത ഇന്ന്‌ നഷ്ടമായിരിക്കുകയാണ്‌. വചനം കടന്നുവരുമ്പോള്‍ നമ്മുടെ കണ്ണുകളില്‍നിന്ന്‌ ചെതുമ്പല്‍ അടര്‍ന്നുപോകും. അപ്പോഴാണ്‌ ദൈവീകമായ ദര്‍ശനം നമുക്കുണ്ടാകുന്നത്‌. പരീക്ഷണങ്ങളെ അതിജീവിക്കുന്ന വിശ്വാസം നമുക്കുണ്ടാകണം. അബ്രാഹം വിശ്വാസികളുടെ പിതാവാണെങ്കില്‍ കാനാന്‍കാരി സ്ത്രീ വിശ്വാസത്തിണ്റ്റെ മാതാവാണ്‌. ഈ വിശ്വാസമാണ്‌ നമ്മിലുമുണ്ടാകേണ്ടത്‌. വചനം പങ്കുവയ്ക്കുന്നത്‌ നമ്മുടെ അവകാശമാണ്‌. വാക്കിലും പെരുമാറ്റത്തിലുമുള്ള തിന്‍മയെ നീക്കി ഭൂമിയുടെ ഉപ്പായി തീരാന്‍ നമുക്ക്‌ കഴിയണം. സത്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ ക്ളേശങ്ങള്‍ സഹിക്കേണ്ടിവരും. എന്നാല്‍ സന്തോഷപൂര്‍വം അത്‌ സ്വീകരിക്കുമ്പോള്‍ മഹത്വവും പ്രതിഫലവും നമുക്ക്‌ ലഭിക്കും. വിശുദ്ധ കുര്‍ബാനയാണ്‌ ഏറ്റവും ശ്രേഷ്ഠമായ ആരാധന. ഇതിലൂടെ ദൈവകൃപ സ്വീകരിച്ച്‌ നാം വളരണമെന്നും മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ ഉദ്ബോധിപ്പിച്ചു.