Tuesday, September 28, 2010

മുഹമ്മദ്‌ കമ്മിറ്റി പുകമറ സൃഷ്ടിക്കുന്നു: ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍

അഴിമതിക്ക്‌ കുടപിടിക്കുന്ന സംവിധാനമാണ്‌ ജസ്റ്റീസ്‌ മുഹമ്മദ്‌ കമ്മിറ്റി എന്ന ധാരണ വ്യാപകമാകുന്നതുകൊണ്ട്‌ ഈ പ്രതിഛായ മറയ്ക്കാന്‍ എല്ലാവരും അഴിമതിക്കാര്‍ എന്ന പുകമറ സൃഷ്ടിക്കാനാണ്‌ സുതാര്യമായി മാത്രം പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ മെഡിക്കല്‍ കോളജുകള്‍ക്കെതിരേ ആരോപണമുന്നയിക്കുന്നതിലൂടെ കമ്മീഷന്‍ ശ്രമിക്കുന്നതെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍. കമ്മീഷണ്റ്റെ വിശ്വാസ്യതയെ തകര്‍ക്കാന്‍ മാത്രമെ ഈ നീക്കം ഉപകരിക്കൂവെന്നും ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ വക്താവ്‌ റവ. ഡോ. ഫിലപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ ചൂണ്ടിക്കാട്ടി. വിശദീകരണം തേടുകയോ വിശദാംശങ്ങള്‍ അന്വേഷിക്കുകയോ ചെയ്യാതെ മാധ്യമങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത എത്തിക്കാനാണ്‌ കമ്മീഷന്‍ ശ്രമിച്ചത്‌. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനുശേഷം മാത്രമാണ്‌ ഇതു സംബന്ധിച്ച്‌ കമ്മീഷണ്റ്റെ കത്ത്‌ ഓഫീസില്‍ ലഭിച്ചത്‌. ഇത്‌ കമ്മീഷണ്റ്റെ ഗൂഢലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നതായും ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ചൂണ്ടിക്കാട്ടി. പ്രോസ്പെക്ടസിനെ ആധാരമാക്കിയാണ്‌ ഇങ്ങനെയൊരു ദുരാരോപണം കമ്മീഷന്‍ വയ്ക്കുന്നതെന്നു പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കമ്മീഷന്‍ തന്നെ അംഗീകരിച്ചതാണ്‌ ഈ പ്രോസ്പെക്ടസിലെ നിബന്ധനകള്‍. അതിനെതിരേ ഇപ്പോള്‍ രംഗത്തുവരുമ്പോള്‍ ഒന്നുകില്‍ കമ്മീഷന്‍ കെടുകാര്യസ്ഥതയുടെ കൂടാണെന്നും അല്ലെങ്കില്‍ കമ്മീഷന്‍ ദുഷ്ടലാക്കോടെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും പറയേണ്ടി വരും. പ്രവേശനത്തില്‍ അനുവര്‍ത്തിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചുള്ള കോടതി വിധികളെ സംബന്ധിച്ച അജ്ഞതയും ഈ നിലപാടില്‍ കാണാന്‍ കഴിയും. ഹൈക്കോടതി അംഗീകരിച്ച്‌ ബോധ്യപ്പെട്ടതാണ്‌ ഇപ്പോള്‍ ക്രൈസ്്തവ കോളജുകള്‍ അനുവര്‍ത്തിക്കുന്ന നിലപാട്‌. അതുകൊണ്ടുതന്നെ കമ്മീഷണ്റ്റെ നിലപാട്‌ തികച്ചും പ്രതിഷേധാര്‍ഹമാണെന്നും റവ. ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍ പറഞ്ഞു.