Friday, October 29, 2010

സീറോ മലബാര്‍ സഭ അല്‍മായ നേതൃസമ്മേളനം ഇന്ന്‌ ഡല്‍ഹിയില്‍

സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ അല്‍മായ നേതൃസമ്മേളനം ഡല്‍ഹിയില്‍ ചേരും. ഡല്‍ഹി സീറോ മലബാര്‍ മിഷണ്റ്റെ ആഭിമുഖ്യത്തില്‍ ഗോള്‍ ഡാക്ഖാന സേക്രഡ്‌ ഹാര്‍ട്ട്‌ കത്തീഡ്രലിലെ യൂസഫ്‌ സദന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന്‌ അല്‍മായ പ്രതിനിധി സമ്മേളനം തുടങ്ങും. ഡല്‍ഹിയിലെ വിവിധ സീറോ മലബാര്‍ ഇടവകകളില്‍നിന്നും മിഷന്‍കേന്ദ്രങ്ങളില്‍നിന്നുമുള്ള ഭാരവാഹികളും യുവജന, വനിത, അല്‍മായ സംഘടനാ നേതാക്കളും ഉള്‍പ്പെടെ 2൦൦ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അപ്പസ്തോലിക്‌ വിസിറ്റേറ്റര്‍ ബിഷപ്‌ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ അധ്യക്ഷത വഹിക്കും. ഡല്‍ഹി സീറോ മലബാര്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസ്‌ ഇടശേരി ആമുഖപ്രഭാഷണം നടത്തും. ആണ്റ്റോ ആണ്റ്റണി എംപി ആശംസകള്‍ നേരും. കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗം ഡോ. സിറിയക്‌ തോമസ്‌, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സാമൂഹികപ്രവര്‍ത്തന രംഗത്തു ദേശീയ പുരസ്കാരങ്ങള്‍ നേടിയ ദയാബായിയെ സമ്മേളനത്തില്‍ ആദരിക്കും. മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ അംഗം വി.വി. അഗസ്റ്റിന്‍, അല്‍മായ കമ്മീഷന്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്നോളജി ഫോറം എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ റവ.ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. വൈകുന്നേരം നാലരയ്ക്കു തുടങ്ങുന്ന അല്‍മായ കമ്മീഷന്‍ കണ്‍സള്‍ട്ടേഷന്‍ കൌണ്‍സിലില്‍ ഡല്‍ഹിയിലെ വിവിധ പ്രവര്‍ത്തനമേഖലകളിലുള്ള അല്‍മായര്‍ പങ്കെടുക്കും. സീറോ മലബാര്‍ സോഷ്യല്‍ മിഷന്‍ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. വര്‍ഗീസ്‌ ചക്കുങ്കല്‍, ഡല്‍ഹി സീറോ മലബാര്‍ കാത്തലിക്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡണ്റ്റ്‌ തങ്കച്ചന്‍ ജോസ്‌, പി.ജെ. തോമസ്‌, ശാന്തി ജോസഫ്‌ എന്നിവര്‍ പ്രസംഗിക്കും.