അധികാരത്തെക്കാള്‍ സേവനമാണ് സഭയുടെ സാക്ഷ്യമെന്നും കുരിശുവഹിക്കാനുള്ള സന്നദ്ധത ക്രൈസ്തവ ജീവിതത്തിണ്റ്റെ ഭാഗമാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. കാക്കനാട്ട് അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറിമാരുടെയും അല്‍മായ നേതാക്കളുടെയും വനിതാ പ്രതിനിധികളുടെയും ദ്വിദിന നേതൃസമ്മേളനത്തില്‍ സമാപനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സഭയും ക്രിസ്തുവും വിഭിന്നമല്ല. ക്രിസ്തുവിണ്റ്റെ മഹത്തായ സ്നേഹവും സാഹോദര്യവും അനുദിനജീവിതത്തില്‍ പുലര്‍ത്തുക എന്നതാണു ക്രൈസ്തവണ്റ്റെ ലക്ഷ്യം. ഇതിനെ വ്യത്യസ്തമായി ചിത്രീകരിക്കുന്നവരുടെ ദുരുദ്ദേശ്യം തിരിച്ചറിയണം - കര്‍ദിനാള്‍ പറഞ്ഞു. മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ക്രൈസ്തവര്‍ സജീവമായി ഇടപെടണമെന്നും മതങ്ങളെ തമ്മില്‍ അകറ്റുന്നതിനുള്ള കുത്സിതശ്രമങ്ങളെ വിശ്വാസികള്‍ തിരിച്ചറിയണമെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് ആഹ്വാനം ചെയ്തു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സഭയുടെ അടിസ്ഥാന ശക്തി അല്‍മായരാണെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, കാര്‍ഷികവൃത്തി തുടങ്ങി വിവിധമേഖലകളില്‍ ക്രൈസ്തവസമൂഹം ചെയ്യുന്ന സേവനങ്ങള്‍ അമൂല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.