Friday, October 15, 2010

തടവറയിലുള്ളവരില്‍ ദൈവത്തെ കാണണം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

തടവറയില്‍ കഴിയുന്നവരില്‍ ദൈവത്തെ കാണാന്‍ കഴിയുന്നതാണ്‌ യഥാര്‍ഥ പ്രേഷിത പ്രവര്‍ത്തനമെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. ജീസസ്‌ ഫ്രറ്റേണിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച്‌ വടവാതൂറ്‍ സെമിനാരിയില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷണ്റ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതാണ്‌ തടവറക്കാരുടെ ശുശ്രൂഷ. തടവറക്കാരെ ശുശ്രൂഷിക്കുന്നത്‌ ദൈവത്തിണ്റ്റെ പ്രത്യേക വരദാനമാണ്‌. ഈ വേലയ്ക്കായി ആയിരക്കണക്കിനു സഹോദരങ്ങള്‍ മുന്നോട്ടുവരുന്നത്‌ അഭിമാനകരമാണെന്നും ആര്‍ച്ച്‌ ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. ഡോ. ഡി. ബാബു പോള്‍ അധ്യക്ഷത വഹിച്ചു. സാഹചര്യങ്ങളാണ്‌ നിഷ്കളങ്കരായ പലരെയും കുറ്റകൃത്യങ്ങളിലേക്ക്‌ നയിക്കുന്നതെന്നും കുറ്റവാളികളായി മുദ്രകുത്തുന്നവരുടെ കുടുംബങ്ങളോടുള്ള സമൂഹത്തിണ്റ്റെ സമീപനം മാറണമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ സുവനീര്‍ പ്രകാശനം ചെയ്തു. പ്രിസണ്‍ മിനിസ്ട്രി ഇന്ത്യാ ചെയര്‍മാന്‍ ബിഷപ്‌ ഡോ. പീറ്റര്‍ റെമീജിയൂസ്‌, ഫാ. ജോസ്‌ മരിയദാസ്‌ ഒഐസി, റവ. ഡോ. ജോസ്‌ പുളിക്കല്‍, റവ. ഡോ. ജോസഫ്‌ കവലക്കാട്ട്‌, ഫാ. ജോര്‍ജ്‌ കുറ്റിക്കല്‍, ഫാ. വര്‍ഗീസ്‌ കരിപ്പേരി, ഫാ.ഫ്രാന്‍സീസ്‌ കൊടിയന്‍, സിസ്റ്റര്‍ ത്യേസ്യാമ്മ പള്ളിക്കുന്നേല്‍, സിസ്റ്റര്‍ ലിമ, ജോണ്‍ കൊട്ടുകാപ്പള്ളി, ഫാ.ജോസുകുട്ടി കാലായില്‍ എന്നിവര്‍ പ്രസംഗിച്ചു. നാലു ദിവസമായി നടന്നുവന്ന കണ്‍വന്‍ഷനില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി വൈദികരും സിസ്റ്റേഴ്സും ഉള്‍പ്പെടെ നൂറുകണക്കിനു ജീസസ്‌ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പങ്കെടുത്തു.