Saturday, October 16, 2010

സൃഷ്ടിയുടെ കിരീടമായി മനുഷ്യന്‍ മാറുന്ന അവസ്ഥ ലോകത്തുണ്ടാകണം: മാര്‍ ക്ളിമീസ്‌ കാതോലിക്കാ ബാവ

സൃഷ്ടിയുടെ കിരീടമായി മനുഷ്യന്‍ വീണ്ടും മാറ്റപ്പെടുന്ന അവസ്ഥ ലോകത്തുണ്ടാകണമെന്ന്‌ മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ. റോമില്‍ നടക്കുന്ന മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ബിഷപ്പുമാരുടെ സിനഡില്‍ പ്രസംഗിക്കുകയായിരുന്നു കാതോലിക്കാബാവ. മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവ സാക്ഷ്യം ഇനിയും കൂടുതല്‍ വളരണം. അവിടെ പ്രവര്‍ത്തിക്കുന്ന സഹോദര ഓര്‍ത്തഡോക്സ്‌ സഭയുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. ഈ രാജ്യങ്ങളിലെ യാഹുദ മതവിശ്വാസികള്‍, മുസ്ളിംകള്‍, മറ്റു മതവിശ്വാസികള്‍ എന്നിവരുടെ അംഗീകാരം നേടിയെടുക്കാനും ശ്രമിക്കണമെന്ന്‌ കാതോലിക്കാബാവ നിര്‍ദേശിച്ചു. സഭാത്മകമായ കൂട്ടായ്മ വളരുന്നത്‌ സുവിശേഷവത്കരണത്തെ ശക്തിപ്പെടുത്തും. പൌരസ്ത്യ സഭകള്‍ അനന്യമായ ആരാധനാക്രമ പൈതൃകത്തില്‍ പങ്കുചേരുന്നവരാണ്‌ എന്നത്‌ ഏറെ സന്തോഷം പകരുന്നു. ഈ പൈതൃകത്തിലുള്ള ആരാധനക്രമത്തിലൂടെയാണ്‌ ദൈവിക രഹസ്യങ്ങളുടെ ആഘോഷം നടക്കുന്നത്‌. സുവിശേഷവത്കരണപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരാണ്‌ പൌരസ്ത്യ സഭകള്‍. കണ്ടതും കേട്ടതും അനുഭവിച്ചതുമായ സുവിശേഷത്തെയും അതിണ്റ്റെ മൂല്യങ്ങളെയും പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുകയും എല്ലാ അര്‍ഥത്തിലും കൈമാറുകയും ചെയ്യുന്നതിലൂടെ ഇന്നനുഭവിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുമെന്നും കാതോലിക്കാ ബാവ പറഞ്ഞു. മധ്യപൂര്‍വേഷ്യയിലെ കത്തോലിക്കാ സഭ - സാക്ഷ്യവും കൂട്ടായ്മയും എന്ന വിഷയത്തെ അധികരിച്ചുള്ള സിനഡില്‍ ഇന്ത്യയില്‍ നിന്ന്‌ മാര്‍ ക്ളീമീസ്‌ കാതോലിക്കാബാവയ്ക്കു പുറമേ സീറോ മലബാര്‍ സഭ കൂരിയാ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂരും പങ്കെടുക്കുന്നുണ്ട്‌. ഇസ്രയേല്‍, പലസ്തീന്‍, ഗള്‍ഫ്‌ രാജ്യങ്ങള്‍ അടക്കം 18 രാജ്യങ്ങളില്‍ നിന്നായി 185 ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുക്കുന്നു. വനിതകളടക്കമുള്ള 36വിവിധ മേഖലകളിലെ പ്രമുഖരും സിനഡിലെ ക്ഷണിതാക്കളാണ്‌. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ മുഴുവന്‍ സമയവും സിനഡില്‍ പങ്കെടുക്കുന്നുണ്ട്‌. യാഹുദ റബ്ബിമാര്‍, മുസ്ളിം, യാഹുദ പണ്ഡിതര്‍, മറ്റു ക്രൈസ്തവ സമൂഹങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളായി എത്തിയിട്ടുണ്ട്‌. സിനഡ്‌ 24 ന്‌ സമാപിക്കും.