Monday, November 1, 2010

സ്നേഹവും സാഹോദര്യവും നിലനിര്‍ത്താന്‍ യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: ഡോ. വിന്‍സെണ്റ്റ്‌ സാമുവല്‍

സ്നേഹം സാഹോദര്യം തുടങ്ങിയവയില്‍ നിന്നും സമൂഹം അകന്നു പോയ്ക്കൊണ്ടിരിക്കുകയാണെന്നും യേശുവിണ്റ്റെ വചനങ്ങളില്‍ അധിഷ്ഠിതമായ സ്നേഹത്തേയും സാഹോദര്യത്തേയും സമൂഹത്തില്‍ നിലനിര്‍ത്താന്‍ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്നും കെസിബിസി യൂത്ത്‌ കമ്മീഷന്‍ ചെയര്‍മാനും നെയ്യാറ്റിന്‍കര ബിഷപ്പുമായ ഡോ. വിന്‍സെണ്റ്റ്‌ സാമുവല്‍ സമൂഹത്തെ ഉദ്ബോധിപ്പിച്ചു. ഓച്ചന്തുരുത്ത്‌ കുരിശിങ്കല്‍ ഇടവകയില്‍ സമ്പൂര്‍ണ യുവജനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌. പരിശുദ്ധ പോംപെ മാതാവിണ്റ്റെ നൂറ്റിപ്പത്താമത്‌ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പുനര്‍നിര്‍മിച്ച കപ്പേളയുടെ വെഞ്ചരിപ്പും ഇതോടൊപ്പം ബിഷപ്‌ നിര്‍വഹിച്ചു. സമ്മേളനത്തില്‍ ഫാ. മാത്യു ഡിക്കൂഞ്ഞ അധ്യക്ഷനായിരുന്നു. എം.കെ പുരുഷോത്തമന്‍ എംഎല്‍എ, കെസിവൈഎം സംസ്ഥാനഡയറക്ടര്‍ ഫാ. ജെയ്സന്‍ കൊള്ളനൂറ്‍, ഫാ. ജോണ്‍ തുണ്ടിയില്‍ ഐ.എം ആണ്റ്റണി, ജോബ്‌ കുണ്ടോണി, സി. ജീന്‍മേരി, ഫാ. പോള്‍സണ്‍ സിമേന്തി, ഫാ. ജോളിജോണ്‍ ഓടത്തക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഇടവകാതിര്‍ത്തിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആറു ജനപ്രതിനിധികളെ ആദരിച്ചു. തുടര്‍ന്ന്‌ സാമൂഹ്യ സാംസ്കാരിക മേഖലയും തൊഴില്‍ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതു സംവാദങ്ങള്‍, ചര്‍ച്ചകള്‍ കലാപരിപാടികള്‍ തുടങ്ങിയവ നടത്തി. ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ ഷെന്‍സണ്‍ കെ.സി.വൈ.എം യൂണിറ്റ്‌ പ്രസിഡണ്റ്റ്‌ ജോര്‍ജ്‌ ഡിക്സണ്‍, മേഖല സെക്രട്ടറി നെബിന്‍ ഡിസില്‍വ, കണ്‍വീനര്‍ ജോണ്‍ ജോബ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.