Monday, November 1, 2010

അല്‍മായ സമൂഹത്തെ ശക്തിപ്പെടുത്തും: മാര്‍ മാത്യു അറയ്ക്കല്‍

സുറിയാനി കത്തോലിക്കരുടെ മഹത്തായ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിച്ച്‌ അത്മായ സമൂഹത്തെ ശക്തിപ്പെടുത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നു കെസിബിസി അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍. ഡല്‍ഹിയിലെ സീറോ മലബാര്‍ അത്മായ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗോള്‍ഡാഖാന കത്തീഡ്രലിനോടനുബന്ധിച്ചുള്ള യൂസഫ്‌ സദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡല്‍ഹിയിലെ അപ്പസ്തോലിക്‌ വിസിറ്റേറ്റര്‍ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവര്‍ത്തക ദയാബായിയെ സമ്മേളനത്തില്‍ ആദരിച്ചു. കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗം ഡോ.സിറിയക്‌ തോമസ്‌, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിന്‍, ദയാബായി, അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍, ഡല്‍ഹി സീറോ മലബാര്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.ജോസ്‌ ഇടശേരി, അല്‍മായ കമ്മീഷന്‍ ശാസ്ത്ര- സാങ്കേതിക ഫോറം എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ റവ.ഡോ.മാത്യു ചന്ദ്രന്‍കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലോകത്തെ ഏതാണ്ടെല്ലാ രാജ്യത്തും സുറിയാനി കത്തോലിക്കരായ സന്യസ്തരും അല്‍മായരും പ്രേഷിതപ്രവര്‍ത്തനത്തിനുണ്ടെന്നത്‌ അഭിമാനാര്‍ഹമാണെന്ന്‌ മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ പറഞ്ഞു. സഭാ പ്രവര്‍ത്തനങ്ങളില്‍ അത്മായരെ ഉപദേശക പദവിയില്‍ പരിമിതപ്പെടുത്താതെ പങ്കാളിത്തത്തിലേക്ക്‌ മാറ്റേണ്ടത്‌ സഭയുടെ വളര്‍ച്ചയ്ക്ക്‌ അനിവാര്യമാണെന്ന്‌ ഡോ. സിറിയക്‌ തോമസ്‌ ചൂണ്ടിക്കാട്ടി. കത്തോലിക്കര്‍ അണുകുടുംബങ്ങളായി മാറുന്ന പ്രവണത മാറ്റാനും പരസ്പരം സഹായിക്കുന്നതിനും മുന്‍കൈയെടുക്കണമെന്നു വി.വി. അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു. സീറോ മലബാര്‍ സോഷ്യല്‍ മിഷന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ഫാ.വര്‍ഗീസ്‌ ചക്കുങ്കല്‍, ഡല്‍ഹി സീറോ മലബാര്‍ കാത്തലിക്‌ അസോസിയേഷന്‍ ഭാരവാഹികളായ തങ്കച്ചന്‍ ജോസ്‌, പി.ജെ. തോമസ്‌, സിറിയക്‌ ചാഴികാടന്‍, ശാന്തി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.