Wednesday, November 17, 2010

വിദ്യാഭ്യാസരംഗം സര്‍വാധിപത്യത്തിനു കീഴിലാക്കാന്‍ ശ്രമം: ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ മുഴുവന്‍ പ്രത്യയശാസ്ത്രക്കാരുടെയും സര്‍ക്കാരിണ്റ്റെയും സര്‍വാധിപത്യത്തിനു കീഴിലാക്കി ഞെരുക്കാനുള്ള ആസൂത്രിതവും വ്യാപകവുമായ ശ്രമമാണ്‌ ഉന്നതവിദ്യാഭ്യാസമിതിയുടെ നയരേഖയില്‍ കാണാന്‍ കഴിയുന്നതെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഇന്ത്യയുടെ മഹത്തായ ജനാധിപത്യഭരണഘടനയെയും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തേയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വികലമായി ചിത്രീകരിക്കുന്ന നയരേഖ അതിനു രൂപം നല്‍കിയവരുടെ പ്രത്യയശാസ്ത്രതിമിരമാണു വെളിപ്പെടുത്തുന്നത്‌. ഭാഷാ-മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനും സംരക്ഷണത്തിനുമായി ഭരണഘടന ഉറപ്പുതരുന്നതാണ്‌ അവരുടെ വിദ്യാഭ്യാസ അവകാശം. അതിനെ സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള നല്‍കുന്ന സംവരണത്തിനു തുല്യമായി വ്യാഖ്യാനിച്ച്‌ അനുകൂലവിവേചനമായി ചിത്രീകരിക്കുന്നു. ഇവിടത്തെ ഭാഷാ മതന്യൂനപക്ഷങ്ങള്‍ക്ക്‌ കൂടുതല്‍ സ്ഥാപനങ്ങളുള്ളതുകൊണ്ട്‌ വിദ്യാഭ്യാസ അവകാശം വിപരീത വിവേചനമാണെന്ന്‌ ആക്ഷേപിക്കുന്നതായി കാണാം. കേരളത്തില്‍ ഏറ്റവും ഗുണമേന്‍മയുള്ള ഉന്നതവിദ്യാഭ്യാസം ഏറ്റവും പാവപ്പെട്ടവര്‍ക്കും ലഭ്യമാക്കുന്നത്‌ പ്രൈവറ്റ്‌ എയ്ഡഡ്‌ കോളജുകളാണ്‌. ഈ കോളജുകളെ അധിക്ഷേപിച്ചും സാമൂഹ്യനിയന്ത്രണമെന്ന പേരില്‍ കൈയേറിയും ഉന്നതവിദ്യാഭ്യാസരംഗംതന്നെ താറുമാറാക്കാനുള്ള ശ്രമമാണ്‌ നയരേഖയില്‍ കാണാന്‍ കഴിയുന്നത്‌. ഈ നീക്കത്തെ എല്ലാവരോടും ചേര്‍ന്ന്‌ എതിര്‍ക്കുകതന്നെ ചെയ്യും. ഓരോവര്‍ഷവും കോടിക്കണക്കിനു രൂപ പൊതുഖജനാവില്‍നിന്നും ചെലവിടുന്ന സര്‍ക്കാര്‍ കോളജുകളിലെ വിദ്യാഭ്യാസം മോശമാണെന്നു വിലയിരുത്തുന്ന രേഖ എന്തുകൊണ്ട്‌ ഈ നിലവാരത്തകര്‍ച്ച എന്നു പരിശോധിക്കുന്നില്ല, എന്നാല്‍, സര്‍ക്കാര്‍ കോളജുകളില്‍ ചെലവിടുന്നതിനേക്കാള്‍ തുലോം തുച്ഛമായ തുകമാത്രം ലഭ്യമാകുന്ന പ്രൈവറ്റ്‌ എയ്ഡഡ്‌ കോളജുകള്‍ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു. ഈ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസം തകര്‍ക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ്‌ ഉന്നത വിദ്യാഭ്യാസസമിതി. കോളജുകളുടെ ക്ളസ്റ്ററുകള്‍ക്ക്‌ രൂപം നല്‍കി അനധികൃത ദേശസാത്കരണമാണ്‌ നിര്‍ദേശങ്ങളില്‍ കാണാന്‍ കഴിയുന്നത്‌. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഇപ്പോഴുള്ള അല്‍പമാത്രമായ സ്വാതന്ത്യ്രം പോലും കോളജുകളില്‍ ഇല്ലാതാക്കാനാണ്‌ നയരേഖ നിര്‍ദേശിക്കുന്നത്‌. വിദ്യാഭ്യാസരംഗത്തെ സ്വാതന്ത്യ്രം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രപതിയായിരുന്ന ഡോ. രാധാകൃഷ്ണണ്റ്റെ നിലപാടിനെ തള്ളിക്കളയുകയാണ്‌ ഇതിലൂടെ ചെയ്യുന്നത്‌. അധ്യാപക നിയമനത്തില്‍ കടന്നുകയറി ന്യൂനപക്ഷാവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമം അനുവദിക്കുകയില്ല.