നേതൃത്വം വില കൊടുത്ത് വാങ്ങാവുന്നതല്ലെന്നും അത് ഓരോ വ്യക്തിയും സ്വന്തം ശ്രമത്താലും ഉത്സാഹത്താലും ഇഛാശക്തിയാലും സ്വായത്തമാക്കേണ്ടതാണെന്നും നേതൃത്വം ഇല്ലാതായാല്‍ സമൂഹം നിശ്ചലമാകുമെന്നും രൂപതാ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. നഗരസഭയിലേക്ക് തെരഞ്ഞടുക്കപ്പട്ട 41 ജനപ്രതിനിധികള്‍ക്കും രൂപതാഭവനത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. സ്വന്തം കഴിവുകൊണ്ട് സാഹചര്യത്തെ രൂപപ്പെടുത്താന്‍ പ്രാപ്തരായവര്‍ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ പുരോഗതി താനേ കൈവരും. അതിന് പ്രാപ്തരെന്ന് കണ്ട് ജനാധിപത്യ സംവിധാനത്തിലൂടെ ജനം തെരഞ്ഞെടുത്ത് അധികാരം ലഭിച്ച നേതാക്കള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇരിങ്ങാലക്കുട രൂപതയുടെ എല്ലാവിധ സഹകരണവും പിന്തുണയും പ്രാര്‍ഥനയും ബിഷപ് വാഗ്ദാനം ചെയ്തു. മതസൌഹാര്‍ദത്തിനും മതമൈത്രിക്കും പേരുകേട്ട ഇരിങ്ങാലക്കുട ഒരു സാംസ്കാരിക കേന്ദ്രവും വിദ്യാഭ്യാസപരമായും സാമൂഹികമായും ആര്‍ക്കും അഭിമാനിക്കാവുന്ന ഒരു നഗരമാണ്. ഇത്തരത്തിലുള്ള ഈ പുണ്യഭൂമിയെ കൂടുതല്‍ നന്‍മയിലേക്കും വളര്‍ച്ചയിലേക്കും നയിക്കാന്‍ അധികാരമേറ്റിരിക്കുന്ന പുതിയ നേതൃനിരക്ക് സാധ്യമാകട്ടെയെന്ന് ബിഷപ് ആശംസിച്ചു. ബിഷപ് മാര്‍ ജെയിംസ് പഴയാറ്റില്‍, അഡ്വ. തോമസ് ഉണ്ണിയാടന്‍ എംഎല്‍എ, പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി പ്രഫ.പി.എല്‍. ആണ്റ്റണി, വികാരി ജനറാള്‍മാരായ മോണ്‍ വിന്‍സെണ്റ്റ് ആലപ്പാട്ട്, മോണ്‍ ഡേവീസ് അമ്പൂക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വൈസ് ചെയര്‍മാന്‍ എ.ജെ. ആണ്റ്റണി, എം.വി. ജസ്റ്റിന്‍ തുടങ്ങിയവര്‍ മറുപടി പ്രസംഗം നടത്തി. രൂപതാഭവനത്തിലെ മുഴുവന്‍ വൈദീകരും ഇരിങ്ങാലക്കുട നഗരത്തിലെ പള്ളികളിലെയും സ്ഥാപനങ്ങളിലെയും വൈദീകരും സമര്‍പ്പിതരും അല്‍മായ പ്രമുഖരും സമ്മേളനത്തില്‍ പങ്കെടുത്തു.