Wednesday, December 8, 2010

ലത്തീന്‍ സമുദായത്തിന്‌ അര്‍ഹിക്കുന്ന രാഷ്ട്രീയ നീതി ലഭ്യമാകണം: ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

ലത്തീന്‍ സമുദായത്തിന്‌ അര്‍ഹിക്കുന്ന രാഷ്ട്രീയ നീതി ലഭ്യമാകണമെന്ന്‌ വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍. ഫെബ്രുവരി 27-ന്‌ എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ലത്തീന്‍ കത്തോലിക്കാ സമുദായ സംഗമത്തിണ്റ്റെ സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷം വഹിക്കുകയായിരുന്നു അദ്ദേഹം. 11 ലത്തീന്‍ രൂപതകളും ദ്വീപുകളെ പോലെ ഒറ്റപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്ന രീതി കെആര്‍എല്‍സിസിയുടെ രൂപീകരണത്തോടെ മാറിയിട്ടുണ്ട്‌. ഇന്ന്‌ ലത്തീന്‍ സഭയും സമുദായവും ഒരു ഹൃദയവും മനസുമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സഭയും സമുദായവും ഒന്നാണെന്ന തിരിച്ചരിവിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ പുരോഗതിയുണ്ടാവുകയുള്ളു. ഇത്തരത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ചതിണ്റ്റെ പ്രതിഫലനമാണ്‌ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായതും-ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. സമുദായം അര്‍ഹിക്കുന്ന രാഷ്ട്രീയ നീതി ലഭ്യമാക്കുന്നതിനുള്ള ശക്തിയായി മാറാന്‍ സംഗമത്തിനു കഴിയണമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു. കെ.ആര്‍.എല്‍.സി.സി ജനറല്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ജി. കുളക്കായത്തില്‍ ആമുഖ പ്രഭാഷണം നടത്തി.കെ.ആര്‍.എല്‍.സി.സി സെക്രട്ടറി ഷാജി ജോര്‍ജ്‌, സി.എസ്‌.എസ്‌.ജനറല്‍ സെക്രട്ടറി വി.ജെ.മാനുവേല്‍ മാസ്റ്റര്‍, ഡി.സി.എം.എസ്‌. സംസ്ഥാന ജനറല്‍ സെക്രട്ടറി ഷിബു ജോസഫ്‌, കെ.സി.വൈ.എം.സംസ്ഥാന വൈസ്‌ പ്രസിഡണ്റ്റ്‌ എ.ബി. ജസ്റ്റിന്‍, ഫാ. ജോസി കണ്ടനാട്ടുതറ എന്നിവര്‍ പ്രസംഗിച്ചു.വരാപ്പുഴ, കോട്ടപ്പുറം, കൊച്ചി, ആലപ്പുഴ, വിജയപുരം എന്നീ രൂപതകളിലെ വിവിധ അല്‍മായ സംഘടനകളിലെ സംഘടനാ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ കെ.ആര്‍.എല്‍.സി.സി സമര്‍പ്പിച്ചിട്ടുള്ള അവകാശപത്രിക അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടാണ്‌ സംഗമം സംഘടിപ്പിക്കുന്നത്‌.