Saturday, December 18, 2010

മോണ്‍. റെയ്നോള്‍ഡ്സ്‌ പുരയ്ക്കല്‍ ദൈവദാസപദവിയിലേക്ക്‌

അഗതികള്‍ക്കും അനാഥ കുഞ്ഞുങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞുവച്ച മോണ്‍. റെയിനോള്‍ഡ്സ്‌ പുരയ്ക്കലിനെ ദൈവദാസ പദവിയിലേക്ക്‌ ഉയര്‍ത്തുന്ന വിവരം ആലപ്പുഴ രൂപത മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അദ്ദേഹത്തിണ്റ്റെ ജന്‍മശതാബ്ദി ദിനമായ 28ന്‌ ആലപ്പുഴ ഭദ്രാസന ദേവാലയത്തില്‍ നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേ ആയിരിക്കും പ്രഖ്യാപനം.27, 28 തീയതികളില്‍ അനുസ്മരണ പരിപാടികള്‍ ലിയോതേര്‍ട്ടീന്ത്‌ ഓഡിറ്റോറിയത്തിലും ഭദ്രാസന ദേവാലയത്തിലും സെണ്റ്റ്‌ ആണ്റ്റണീസ്‌ ഓര്‍ഫനേജിലും നടക്കുമെന്നും ബിഷപ്‌ പറഞ്ഞു. സെണ്റ്റ്‌ ആണ്റ്റണീസ്‌ ഓര്‍ഫനേജ്‌ ഡയറക്ടര്‍ ഫാ. ഇഗ്നേഷ്യസ്‌ ചുള്ളിക്കല്‍, രൂപതാ പിആര്‍ഒ ഫാ. വിജയ്‌ ഐസക്‌, പബ്ളിസിറ്റി കമ്മിറ്റി അംഗങ്ങളായ ഫാ. ജോണി കളത്തില്‍, അനീഷ്‌ ആറാട്ടുകളം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 27ന്‌ രാവിലെ 9.30ന്‌ ആലപ്പുഴ ലിയോ തേര്‍ട്ടീന്ത്‌ ഓഡിറ്റോറിയത്തില്‍ പ്രാര്‍ഥനാശുശ്രൂഷ- ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍. 10.30ന്‌ നടക്കുന്ന അനുസ്മരണ സമ്മേളനം സാമുവല്‍ മാര്‍ ഐറേനിയൂസ്‌ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ആലപ്പുഴ ബിഷപ്‌ ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ അധ്യക്ഷത വഹിക്കും. ഡോ. ഡി. ബാബുപോള്‍, ഫാ.പയസ്‌ ആറാട്ടുകുളം, കെ.സി. വേണുഗോപാല്‍ എംപി, എ.എ. ഷുക്കൂറ്‍ എംഎല്‍എ, കോട്ടയം ജില്ലാ കളക്ടര്‍ മിനി ആണ്റ്റണി, ഫാ. ജോര്‍ജ്‌ എടേഴത്ത്‌ തുടങ്ങിയവര്‍ പ്രസംഗിക്കും. ഫാ. നെല്‍സണ്‍ തൈപ്പറമ്പില്‍ തയാറാക്കിയ ആലപ്പുഴയുടെ ദൈവദാസന്‍ എന്ന ഗ്രന്ഥത്തിണ്റ്റെ പ്രകാശനം ഇതോടൊപ്പം നടക്കും. തുടര്‍ന്നു പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു വസ്ത്രങ്ങള്‍ ദാനം ചെയ്യും. ഫാ. എഡ്വേര്‍ഡ്‌ പുത്തന്‍പുരയ്ക്കല്‍ നന്ദിപറയും. 28ന്‌ രാവിലെ ഒമ്പതിന്‌ ആരാധന, നൊവേന, നേര്‍ച്ചക്കഞ്ഞി വിതരണം, ഉച്ചകഴിഞ്ഞ്‌ 1.30ന്‌ നൊവേന, തുടര്‍ന്ന്‌ മോണ്‍. റെയ്നോള്‍ഡ്സ്‌ പുരയ്ക്കല്‍ മ്യൂസിയം ഉദ്ഘാടനവും കെട്ടിട വെഞ്ചരിപ്പും ബിഷപ്‌ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ നിര്‍വഹിക്കും. ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഓഫീസും വെബ്സൈറ്റും ഉദ്ഘാടനം ചെയ്യും. മോണ്‍. റെയ്നോള്‍ഡ്സ്‌ പുരയ്ക്കല്‍ ജന്‍മശതാബ്ദി കെട്ടിടം ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസൈപാക്യം ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു മൂന്നിന്‌ പൊന്തിഫിക്കല്‍ ദിവ്യബലിയും ദൈവദാസപ്രഖ്യാപനവും നടക്കും. ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ച്‌ ബിഷപ്‌ ഡോ. സൂസൈപാക്യം വചനപ്രഘോഷണം നടത്തും. ബിഷപ്‌ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ സഹകാര്‍മികത്വം വഹിക്കും. വിജയപുരം രൂപതാധ്യക്ഷന്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ മോണ്‍. റെയ്നോള്‍ഡ്സ്‌ പുരയ്ക്കലിണ്റ്റെ സ്മൃതിമണ്ഡപത്തില്‍ പ്രാര്‍ഥന നടത്തും. ഫാ. ഇഗ്നേഷ്യസ്‌ ചുള്ളിക്കല്‍ നന്ദിപ്രകാശിപ്പിക്കും.