Monday, December 20, 2010

കാര്‍ഷിക സംസ്കാരമാണ്‌ യഥാര്‍ഥ മാനവസംസ്കാരം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

കാര്‍ഷിക സംസ്കാരമാണു യഥാര്‍ഥ മാനവസംസ്കാരമെന്ന്‌ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. പുനലൂറ്‍ നെല്ലിപ്പള്ളി തിരുഹൃദയ ഓഡിറ്റോറിയത്തില്‍ ദീപിക-ചാസ്‌- പിഎസ്‌എസ്‌എസ്‌, എംഎസ്‌എസ്‌എസ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക കൂട്ടായ്മ കാര്‍ഷിക പുരോഗതിക്കു വഴിതെളിക്കും. ജാതിമത ചിന്തകള്‍ക്ക്‌ അതീതമായി കര്‍ഷക കൂട്ടായ്മകള്‍ വളര്‍ന്നുവരണം. കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികള്‍ അതിജീവിക്കാന്‍ ഈ കൂട്ടായ്മകള്‍ക്കു കഴിയും. പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കേണ്ട മനുഷ്യര്‍ കൃഷിക്കു പ്രഥമ പരിഗണന നല്‍കണം. പ്രകൃതിയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതാണു യഥാര്‍ഥ ജീവിതം. കേരളത്തിനു മഹാത്തായ കാര്‍ഷിക സംസ്കാരമുണ്ട്‌. ഇതു നിലനിര്‍ത്താന്‍ കര്‍ഷകര്‍ ഒറ്റക്കെട്ടായി രംഗത്തുവന്നാല്‍ കാര്‍ഷിക രംഗത്തു കുതിച്ചുകയറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ശരിയായ നിരീക്ഷണത്തിലൂടെ പ്രകൃതിയിലെ രഹസ്യങ്ങള്‍ കണെ്ടത്തുന്നു. പ്രപഞ്ചത്തില്‍ ഒളിഞ്ഞുകിടക്കുന്ന നിരവധി രഹസ്യങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയുള്ളതാണ്‌. സ്വാര്‍ഥതയില്ലാതെ പരസ്പരം അധ്വാനം പങ്കുവയ്ക്കാന്‍ കര്‍ഷകര്‍ തയാറാകണം. കാര്‍ഷികവൃത്തിക്കു തൊഴിലാളികളെ കിട്ടാില്ലാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചാല്‍ ഇതിനു പരിഹാരം കാണാന്‍ കഴിയും. കാര്‍ഷിക രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്കു ദീപിക എന്നും പ്രോത്സാഹനം നല്‍കി വരികയാണ്‌. ഫാര്‍മേഴ്സ്‌ ക്ളബുകള്‍ രൂപീകരിക്കുന്നതിലൂടെ കര്‍ഷക കൂട്ടായ്മകള്‍ കൂടുതല്‍ ശക്തമാകുമെന്നും ആര്‍ച്ച്ബിഷപ്പ്‌ കൂട്ടിച്ചേര്‍ത്തു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ്‌ കുറിഞ്ഞിപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജോസ്‌ നെല്ലിക്കത്തെരുവില്‍ ആമുഖപ്രഭാഷണം നടത്തി. തെക്കന്‍ മേഖലാ വികാരി ജനറാള്‍ റവ. ഡോ. ജോണ്‍ വി.തടത്തില്‍, കൊല്ലം- ആയൂറ്‍ ഫൊറോനാ വികാരിയും സ്വാഗതസംഘം രക്ഷാധികാരിയുമായ ഫാ. ജയിംസ്‌ കുന്നില്‍, ഫാ. അലക്സ്‌ കളപ്പില, പിഎസ്‌എസ്‌എസ്‌ ഡയറക്ടര്‍ ഫാ. റോയി ബി. സിംസണ്‍, വി.എം. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു