Friday, January 7, 2011

കാരുണ്യം വാക്കുകളിലല്ല പ്രവൃത്തികളിലൂടെ പ്രകടമാക്കണം: മാര്‍ വര്‍ക്കി വിതയത്തില്‍

വാക്കുകളിലല്ല, പ്രവൃത്തികളിലൂടെ പ്രകടമാകേണ്ടതാണ്‌ കാരുണ്യമെന്ന്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയില്‍ കാരുണ്യവര്‍ഷം 2011 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തണ്റ്റെ പുത്രനെ ലോകത്തിനു നല്‍കുവാന്‍ തക്കവിധം കാരുണ്യമേകിയവനാണ്‌ ദൈവം. സമൂഹത്തില്‍ നമ്മുടെ സഹോദരങ്ങള്‍ക്കു സ്നേഹവും കാരുണ്യവും പകര്‍ന്നുകൊണ്ടാണ്‌ ഇതിനു നാം പ്രതിനന്ദി പ്രകടിപ്പിക്കേണ്ടത്‌. നാം മറ്റുള്ളവരോടു കരുണ കാട്ടുമ്പോള്‍ ദൈവവും നമ്മെ കരുണയോടെ കാക്കും. നിത്യരക്ഷയുടെ അടിസ്ഥാനം കരുണയാണ്‌. ദൈനംദിന ജീവിതത്തില്‍ കാരുണ്യം പ്രകടിപ്പിക്കാന്‍ ഏറെ അവസരങ്ങളുണ്ട്‌. കുടുംബത്തിലും പുറത്തും കാരുണ്യമുള്ളവരായി വിശ്വാസികള്‍ മാറണം. വിദ്യാര്‍ഥിക്കു വേണ്ടി വൃക്ക ദാനം ചെയ്ത ഫാ.ജോസഫ്‌ കൊടിയന്‍ കാരുണ്യവര്‍ഷത്തില്‍ നമുക്കു മാതൃകയാണ്‌. കാരുണ്യവര്‍ഷാചരണത്തില്‍ മാത്രമല്ല, എല്ലായ്പ്പോഴും കരുണ നമ്മുടെ ജീവിതത്തിണ്റ്റെ ഭാഗമാവണം. അന്യമതസ്ഥര്‍ക്കും നമ്മുടെ കാരുണ്യത്തിണ്റ്റെ മനോഭാവം അനുഭവിക്കാനാവണം. കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. യുവാക്കള്‍ക്ക്‌ കാരുണ്യവര്‍ഷത്തില്‍ സമൂഹത്തിനു വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. ആദിമക്രൈസ്തവരുടെ അരൂപിയിലേക്കു വളരാനുള്ള അവസരമാണ്‌ കാരുണ്യവര്‍ഷാചരണം. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതജീവിതം നയിക്കാന്‍ വൈദികരും വിശ്വാസികളും ശ്രമിക്കണം. വിവാഹം പോലുള്ള ചടങ്ങുകളില്‍ ആര്‍ഭാടം ഒഴിവാക്കി ആ തുകയുപയോഗിച്ച്‌ പാവപ്പെട്ടവരെ സഹായിക്കണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ കാരുണ്യവര്‍ഷാചരണം ഒരു സാമൂഹികവിപ്ളവമാണെന്നും കര്‍ദിനാള്‍ വിതയത്തില്‍ പറഞ്ഞു. കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച്‌ അതിരൂപത നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ്്‌ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്തു. അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ ആമുഖപ്രഭാഷണം നടത്തി. കാരുണ്യവര്‍ഷത്തോടനുബന്ധിച്ച്‌ അതിരൂപത നടപ്പാക്കുന്ന വിവിധ പരിപാടികളെക്കുറിച്ചു സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ വിശദീകരിച്ചു. വൃക്കദാനം നടത്തിയ, അതിരൂപതയിലെ നോര്‍ത്ത്‌ കുത്തിയതോട്‌ ഇടവക വികാരി ഫാ.ജോസഫ്‌ കൊടിയനെ ചടങ്ങില്‍ ആദരിച്ചു. ഫാ.തോമസ്‌ വൈക്കത്തുപറമ്പില്‍ ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ്‌ പദ്ധതിയെക്കുറിച്ചു വിശദീകരിച്ചു. തുടര്‍ന്ന്‌ റോഡ്സ്‌ ആന്‍ഡ്‌ ബ്രിഡ്ജസ്‌ എംഡി ടി.കെ ജോസ്‌ കാരുണ്യവര്‍ഷം ഒരു സമഗ്രവീക്ഷണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രാര്‍ഥനാ ശുശ്രൂഷയ്ക്കു ഫാ.ജോമോന്‍ കൊച്ചുകണിയാംപറമ്പില്‍ നേതൃത്വം നല്‍കി. അതിരൂപതയിലെ നവവൈദികരെ ചടങ്ങില്‍ ആദരിച്ചു. ന്യൂ ഇന്ത്യ അഷ്വറന്‍സ്‌ റീജനല്‍ മാനേജര്‍ ഗിരീഷ്‌ രാജ്‌, അതിരൂപതാ കാരുണ്യവര്‍ഷ കമ്മിറ്റി കണ്‍വീനര്‍ ഫാ.ജോണ്‍ പൈനുങ്കല്‍, ഫാ.ജോസ്‌ മണ്ടാനത്ത്‌ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച്‌ സഹയാത്രികണ്റ്റെ സ്പന്ദനങ്ങള്‍ എന്ന ടെലിഫിലിമിണ്റ്റെ പ്രദര്‍ശനവും കാരുണ്യവര്‍ഷം യുവതയുടെ കണ്ണിലൂടെ എന്ന പേരില്‍ രംഗാവതരണവും ഉണ്ടായിരുന്നു. കലൂറ്‍ റിന്യൂവല്‍ സെണ്റ്ററില്‍ നടന്ന പരിപാടിയില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നു വൈദികരും സന്യസ്തരും അല്‍മായപ്രതിനിധികളും പങ്കെടുത്തു