Monday, January 3, 2011

വിദ്യാഭ്യാസ അവകാശത്തിനെതിരേ നിയമനിര്‍മാണം നടത്തിയവര്‍ ന്യൂനപക്ഷക്ഷേമ വകുപ്പിന്‌ രൂപം നല്‍കുന്നത്‌ വിചിത്രം: മാര്‍ ജോസഫ്‌ പവ്വത്തില്‍

ഭാഷാ-മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനായി നല്‍കിയിട്ടുള്ളതും ഭരണഘടനാപരമായ അവരുടെ ഏക അവകാശവുമായ വിദ്യാഭ്യാസ അവകാശം ഇല്ലാതാക്കാന്‍ നിയമനിര്‍മാണം നടത്തിയവര്‍ത്തന്നെ ന്യൂനപക്ഷക്ഷേമവകുപ്പിനും ന്യൂനപക്ഷകമ്മീഷനും രൂപം നല്‍കുന്നത്‌ വിചിത്രമാണെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഈ നിയമം ഭരണഘടനാവിരുദ്ധമായിക്കണ്ട്‌ ഹൈക്കോടതി റദ്ദു ചെയ്തെങ്കിലും അതു സംരക്ഷിക്കാന്‍ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കേസു നടത്തുകയാണ്‌. ന്യൂനപക്ഷങ്ങളുടെ നിലനില്‍പിനെത്തന്നെ തകര്‍ക്കുന്ന നിയമം പിന്‍വലിച്ച്‌ ന്യൂനപക്ഷവിരുദ്ധ നയങ്ങളില്‍നിന്നും പിന്‍മാറി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ ആത്മാര്‍ഥത തെളിയിക്കണമെന്നും മാര്‍ പവ്വത്തില്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമവകുപ്പിലും കമ്മീഷനിലുമെല്ലാം തങ്ങളുടെ പിണിയാളുകളെ നിറച്ച്‌ തുടര്‍ന്നും തങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്‌ ഈ സംവിധാനങ്ങളെ ഉപാധിയാക്കാനുള്ള തന്ത്രപരമായ ശ്രമങ്ങളുടെ ഭാഗമായി ഈ നീക്കത്തെ കാണുന്നവര്‍ നിരവധിയാണ്‌. സര്‍ക്കാരിണ്റ്റെ നയങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ ഭയം അസ്ഥാനത്തല്ല എന്നുതന്നെയാണ്‌ വ്യക്തമാകുന്നത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ ക്ഷേമാന്വേഷണങ്ങളല്ല ആവശ്യം, ഭരണഘടനാപരമായ നിലനില്‍പ്പിനുള്ള വിദ്യാഭ്യാസ അവകാശം സംരക്ഷിക്കലാണ്‌. അതില്‍ ആത്മാര്‍ഥത കാണിക്കാതിരിക്കുകയും നിരന്തരമായി അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്നവര്‍ നടത്തുന്ന ചെപ്പടിവിദ്യകളായി ഈ നീക്കം വ്യാഖ്യാനിക്കപ്പെടുന്നുണ്ട്‌. ന്യൂനപക്ഷങ്ങളുടെ എയ്ഡഡ്‌ വിദ്യാലയങ്ങളിലെ അധ്യാപകനിയമനത്തില്‍ കൈകടത്തി അധ്യാപകരെ നിയമിക്കുന്ന നീക്കവും സ്കൂള്‍-കോളജ്‌ നടത്തിപ്പില്‍ പ്രാദേശിക സമിതികള്‍ക്ക്‌ അധികാരം നല്‍കാനുള്ള നിലപാടും നിയമാധിഷ്ഠിതം നടത്തുന്ന അധ്യാപക, പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ അംഗീകരിക്കാതെ നിരന്തരം കോടതികളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം സൃഷ്ടിക്കുന്ന നയങ്ങളും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അംഗീകരിച്ച്‌ ന്യൂനപക്ഷ പദവി ഇവിടെ നല്‍കാത്തതുകാരണം ഡല്‍ഹിയില്‍ അതിനുവേണ്ടി പോകേണ്ടിവരുന്നതും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തടസപ്പെടുത്തുന്നതും ന്യൂനപക്ഷാവകാശം അടിയറവുവച്ചു കരാര്‍ ഒപ്പിട്ടാല്‍ മാത്രം കോഴ്സും കോളജും നല്‍കുന്നതും സര്‍ക്കാരിണ്റ്റെ ന്യൂനപക്ഷപീഡനനയങ്ങളില്‍ ചിലതുമാത്രമാണ്‌. ന്യൂനപക്ഷാവകാശം ഭാഷാ മത ന്യൂനപക്ഷങ്ങള്‍ക്ക്‌ തങ്ങളുടെ സാംസ്കാരിക-വിശ്വാസ പൈതൃകങ്ങള്‍ സംരക്ഷിച്ചു നിലനില്‍ക്കാനായി സ്വന്തമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു നടത്താനുള്ള അവകാശമാണ്‌. അതിനു പിന്നോക്കാവസ്ഥയുമായോ മുന്നോക്കാവസ്ഥയുമായോ അതുവഴി സംവരണവുമായോ യാതൊരു ബന്ധവുമില്ല. ഇക്കാര്യം മനസിലാക്കാതെയും അറിയാതെയും വിദ്യാഭ്യാസമന്ത്രിയും ഉന്നതവിദ്യാഭ്യാസ സമിതിയുടെ തലവനായ കെ.എന്‍. പണിക്കരും മറ്റും നടത്തുന്ന അബദ്ധ പ്രചരണങ്ങളില്‍ ആശ്രയിച്ചു വിപരീതവിവേചനം പറഞ്ഞ്‌ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്‌ ഖേദകരമാണെന്നും ആര്‍ച്ച്ബിഷപ്‌ മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.