ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സ് വധക്കേസുമായി ബന്ധപ്പെട്ടു മതപരിവര്‍ത്തനത്തെക്കുറിച്ചു നടത്തിയ രണ്ടു വിവാദ പരാമര്‍ശങ്ങള്‍ സുപ്രീംകോടതി സ്വമേധയാ തിരുത്തി. ഒരു മതം മറ്റൊന്നിനേക്കാള്‍ മെച്ചമാണെന്നു തെറ്റിദ്ധരിപ്പിച്ചു ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതപരിവര്‍ത്തനം നടത്തുന്നതു ന്യായീകരിക്കാനാവില്ലെന്ന പരാമര്‍ശമാണ് തിരുത്തിയത്. ഇതിനു പകരം മറ്റൊരാളുടെ മതവിശ്വാസത്തില്‍ ഇടപെടുന്നതു ശരിയല്ലെന്ന വാചകം കൂട്ടിച്ചേര്‍ത്തു.ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്ന മുഖ്യപ്രതി ദാരാസിംഗിണ്റ്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ചുകൊണ്ടുള്ള ഒറീസ ഹൈക്കോടതി വിധി ശരിവച്ചു പുറപ്പെടുവിച്ച ഉത്തരവിലാണ് മതപരിവര്‍ത്തനത്തെക്കുറിച്ചു വിവാദ പരാമര്‍ശങ്ങള്‍ വന്നത്. ഗ്രഹാം സ്റ്റെയിന്‍സിനെയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളെയും കൊലപ്പെടുത്തിയത് മതപരിവര്‍ത്തനം നടത്തുന്ന കാര്യത്തില്‍ ഗ്രഹാം സ്റ്റെയിന്‍സിനെ ഒരു പാഠം പഠിപ്പിക്കാനായിരുന്നുവെന്ന നിരീക്ഷണവും തിരുത്തിയിട്ടുണ്ട്. ഉത്തരവിലെ ഈ വാചകം ' ഏതായാലും കുറ്റകൃത്യം നടത്തിയിട്ട് 12 വര്‍ഷത്തിലേറെ ആയതുകൊണ്ട് മുന്‍ ഖണ്ഡികകളില്‍ വിശദീകരിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍, ഹൈക്കോടതി ഉത്തരവിട്ട് ജീവപര്യന്തം തടവ് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് ഞങ്ങളുടെ അഭിപ്രായം' എന്നു തിരുത്തിയിട്ടുണ്ട്. വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ സ്വമേധയാ തിരുത്തല്‍ വരുത്താന്‍ ജസ്റ്റീസുമാരായ പി. സദാശിവവും ബി.എസ്. ചൌഹാനും തീരുമാനിക്കുകയായിരുന്നു. വാഹനത്തില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും പെട്രോളൊഴിച്ചു ചുട്ടുകൊന്ന കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നു വിലയിരുത്തിയാണ് ഒറീസ ഹൈക്കോടതിവിധി സുപ്രീംകോടതി ശരിവച്ചത്.