Tuesday, January 18, 2011

സ്ത്രീശാക്തീകരണത്തിണ്റ്റെ കാതല്‍ അറിവ്‌ സമ്പാദിക്കല്‍: മാര്‍ തോമസ്‌ ചക്യത്ത്‌

അറിവാകുന്ന ശക്തി സമ്പാദിക്കുകയാണ്‌ സ്ത്രീശാക്തീകരണത്തിണ്റ്റെ കാതലായ വശമെന്നും അറിവുള്ളവരാണ്‌ സമൂഹത്തെ നയിക്കുന്നതെന്നും എറണാകുളം-അങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌ അഭിപ്രായപ്പെട്ടു. വിമന്‍ വെല്‍ഫെയര്‍ സര്‍വീസസിണ്റ്റെ അങ്കമാലി ഫൊറോനാ വാര്‍ഷികം വനിതോത്സവ്‌-2011 ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. സമൂഹത്തിണ്റ്റെ അവസ്ഥയെക്കുറിച്ച്‌ ബോധവാന്‍മാരായാല്‍ മാത്രമേ അതിനനുസൃതമായി പെരുമാറാന്‍ കഴിയുകയുള്ളൂ. നമ്മുടെ ചുറ്റുപാടുകള്‍ മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള കഴിവ്‌ സ്വയം നേടിയെടുക്കാനും അതു മക്കളിലേക്ക്‌ പകര്‍ന്നുനല്‍കാനും അമ്മമാര്‍ പരിശ്രമിക്കണം. കുട്ടികളില്‍ സ്നേഹത്തിണ്റ്റേയും ക്ഷമയുടേയും പെരുമാറ്റശൈലി വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കേണ്ടതും അമ്മമാരാണ്‌. കുട്ടികളെ മത്സരിപ്പിച്ച്‌ പഠിപ്പിച്ച്‌ എങ്ങനേയും ഒന്നാമനാക്കുകയെന്ന ചിന്തയോടെ മുന്നോട്ടുപോകുമ്പോള്‍ നല്ല മൂല്യങ്ങള്‍ കൈമോശം വരുന്നു. കുട്ടികള്‍ മൂല്യങ്ങളില്‍ അടിയുറച്ച്‌ വളര്‍ന്നില്ലെങ്കില്‍ ഭാവിയില്‍ കെട്ടുറപ്പുള്ള കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെടും. സ്ത്രീയുടെ കഴിവുകള്‍ ഉപയോഗിക്കാതിരിക്കുന്നത്‌ സമൂഹത്തിന്‌ നഷ്ടമാണെന്ന തിരിച്ചറിവില്‍ നിന്നാണ്‌ ക്രൈസ്തവസഭ ഇത്തരത്തിലൊരു സ്ത്രീ കൂട്ടായ്മയ്ക്ക്‌ രൂപം കൊടുത്തതെന്നും മാര്‍ തോമസ്‌ ചക്യത്ത്‌ അനുസ്മരിച്ചു. സെണ്റ്റ്‌ ജോര്‍ജ്‌ ബസിലിക്ക പാരിഷ്‌ ഹാളില്‍ നടന്ന സമ്മേളനത്തില്‍ റെക്ടര്‍ ഫാ. ജോസഫ്‌ കല്ലറയ്ക്കല്‍ അധ്യക്ഷത വഹിച്ചു. വിമെന്‍ വെല്‍ഫെയര്‍ സര്‍വീസസ്‌ അതിരൂപതാ ഡയറക്ടര്‍ ഫാ. പോള്‍ കല്ലൂക്കാരന്‍, മേഖലാ സെക്രട്ടറി മോളി തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫൊറോനാ പ്രസിഡണ്റ്റ്‌ സിസ്റ്റര്‍ ഷാലോം എഫ്സിസി സ്വാഗതവും വൈസ്‌ പ്രസിഡണ്റ്റ്‌ ലിസി ബേബി നന്ദിയും പറഞ്ഞു.