കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപത കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ൩൦ നു പാലാ യില്‍ നടത്തുന്ന മദ്യവിമുക്ത വിളംബര ജപമാല റാലിയുടെ പ്രചാരണാര്‍ഥം പാലാ ടൌണില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. മതമേലധ്യക്ഷന്‍മാരുടെയും മദ്യവിരുദ്ധസമിതി ഭാരവാഹികളുടെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡാണ് കയര്‍ അറത്തുമാറ്റിയും പട്ടികകള്‍ തകര്‍ത്തും പട്ടാപ്പകല്‍ നശിപ്പിക്കപ്പെട്ടത്. പാലാ സ്റ്റേഡിയം ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. മൂന്നംഗ സംഘമാണു ബോര്‍ഡ് നശിപ്പിച്ചതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ മറി ഞ്ഞു സ്ഥലത്തെത്തിയ സമിതി നേതാക്കള്‍ ഉടന്‍ തന്നെ പാലാ പോലീസില്‍ വിവരമറിയിക്കുകയും പരാതി നല്‍കുകയും ചെയ്തു. പ്രചാരണ ബോര്‍ഡ് നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മദ്യവിപത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപതയിലെ 1൦ ഫൊറോനകളും പിന്നിട്ടു വിളംബര ജാഥ മുന്നേറുന്നതിനിടെയാണ് പ്രചാരണ ബോര്‍ഡ് തകര്‍ത്തിരിക്കുന്നത്. ജപമാല റാലിയുടെ വിജയത്തിനായി രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ഥനകളും ക്രമീകരണങ്ങളും നടന്നുവരുന്നതിനിടെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അഴിഞ്ഞാട്ടം വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. സംഭവം നടന്ന ഉടന്‍ തന്നെ സമിതി പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തു പ്രതിഷേധ യോഗം നടത്തി. ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ജോസ് ഫ്രാന്‍സിസ്, സിബി ചെരുവില്‍പുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു.