Tuesday, January 25, 2011

മദ്യ നിരോധന സമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത്‌ പ്രതിഷേധാര്‍ഹം: ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍

മദ്യ നിരോധന അധികാരത്തിനുവേണ്ടി മലപ്പുറത്തു നടക്കുന്ന അനിശ്ചിതകാലസമരത്തെ സര്‍ക്കാര്‍ അവഗണിക്കുന്നത്‌ പ്രതിഷേധാര്‍ഹമാണെന്നു കോഴിക്കോട്‌ ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപ്പറമ്പില്‍. മലപ്പുറം കളക്ടറേറ്റിനു മുന്നില്‍ കേരള മദ്യനിരോധന സമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരപ്പന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ൮൮൯ ദിവസം പിന്നിട്ടിരിക്കുകയാണ്‌. കൂടുതല്‍ സംഘടനകളും പ്രസ്ഥാനങ്ങളും ഈ സമരരംഗത്ത്‌ ഇറങ്ങണമെന്നും ലക്ഷ്യം നേടുന്നതുവരെ സത്യഗ്രഹം ശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും ബിഷപ്‌ ജോസഫ്‌ കളത്തിപ്പറമ്പില്‍ പറഞ്ഞു. സമരത്തിനു ഐക്യാര്‍ഢ്യവും പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. സമരപന്തല്‍ സന്ദര്‍ശിച്ച ബിഷപിനെ സമരസമിതി നേതാക്കളായ ഫാ. വര്‍ഗീസ്‌ മുഴുത്തേറ്റ്‌, രക്ഷാധികാരി ഫാ.ഡോ. തോമസ്‌ പനയ്ക്കല്‍, അഡ്വ. സുജാത എസ്‌. വര്‍മ, മുഖ്യസത്യഗ്രഹി ടി.വി. മുംതാസ്‌, സ്വാതന്ത്യ്രസമരസേനാനി അപ്പനായര്‍, ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹി വി. വാസുദേവന്‍നായര്‍ പുന്നാട്‌ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.