കേരളത്തില്‍ കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ രാഷ്ട്രീയാതിപ്രസരം മൂലം പൊതുവിദ്യാഭ്യാസം തകര്‍ന്നുവെന്ന് അബ്ദുള്‍ സമദ് സമദാനി. പാലാരിവട്ടം പിഒസിയില്‍ നടന്ന ചാവറ അനുസ്മരണ ചടങ്ങില്‍ പൊതുവിദ്യാഭ്യാസം: പ്രശ്നങ്ങളും പ്രസക്തിയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പതിനഞ്ചു പേര്‍ ചേര്‍ന്ന് ആയിരങ്ങളുടെ വിദ്യാഭ്യാസം മുടക്കുന്ന നിലയിലേക്കു വിദ്യാഭ്യാസരംഗം മാറി. നിലവാരത്തകര്‍ച്ച പൊതുമുദ്രയായി. ഭരിക്കുന്ന പാര്‍ട്ടിയുടെ നോട്ടീസായി പാഠപുസ്തകങ്ങളെ മാറ്റി. പാര്‍ട്ടി നേതാക്കളെ പ്രകീര്‍ത്തിക്കുന്ന വിദ്യാഭ്യാസമാണു വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇങ്ങനെയുള്ള പ്രവൃത്തികള്‍ നടക്കുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം കേരളമാണ്. എത്ര നിന്ദ്യമായാണു നമ്മള്‍ വിദ്യാഭ്യാസത്തെ കാണുന്നതെന്നതിനുള്ള തെളിവാണിത്. കാമ്പസുകളെ അക്കാദമികളാക്കാന്‍ കഴിയാതായിരിക്കുന്നു. വഴിപിഴച്ച രാഷ്ട്രീയ സങ്കല്‍പ്പം തിരുത്താതെ ഇതില്‍നിന്നു രക്ഷപ്പെടാനാകില്ല. ആ സംസ്കാരത്തെ ഇവിടത്തെ കാമ്പസുകളിലേക്കു വലിച്ചിഴച്ചു കൊണ്ടുവരികയാണ്. എന്നാല്‍, ഇതു രാഷ്്ട്രീയമല്ല, രാഷ്ട്രീയത്തിണ്റ്റെ അതിപ്രസരമാണ്. അതു കേരളത്തെയാകെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിണ്റ്റെ വിശ്വാസ്യത നഷ്ടപ്പെടാന്‍ അതു കാരണമായി. സഹവര്‍ത്തിത്വത്തിണ്റ്റെ സന്ദേശമുയര്‍ത്തിയാണ് ചാവറയച്ചനെപോലുള്ളവരുടെ നേതൃത്വത്തില്‍ ക്രൈസ്തവ സമുദായം കേരളത്തിണ്റ്റെ പൊതുവിദ്യാഭ്യാസരംഗത്തെ മഹത്വവത്കരിച്ചത്. ബഹുസ്വരതയുടെ കോണിലൂടെയാണ് അവര്‍ വിദ്യാഭ്യാസത്തെ വീക്ഷിച്ചത്. എല്ലാ മനുഷ്യരുടെയും അന്ത:സത്ത ഉള്‍ക്കൊള്ളുന്ന സംസ്കാരമുണ്ടാകണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. അതുകൊണ്ടാണു കേരളത്തിനു മികച്ച സംസ്കാരമുണ്ടായത്. ഇത്രയും കാര്യങ്ങള്‍ ചെയ്തതിനു കഴിഞ്ഞ നാലര വര്‍ഷക്കാലം അവര്‍ കേള്‍ക്കേണ്ടിവന്ന പഴികളെത്രയാണ്! രൂപത എന്ന സുന്ദരവും വിശുദ്ധവുമായ പദത്തെപോലും എത്രമാത്രം അവമതിച്ചു. മതത്തെ പരിഹസിക്കലാണോ സ്കൂളുകളില്‍ പഠിപ്പിക്കേണ്ടത്? അറിവ് ചോദ്യം ചെയ്യാനും മുദ്രാവാക്യം വിളിക്കാനും മാത്രമാക്കി മാറ്റിയിരിക്കുന്നു. പ്രതിലോമവിദ്യാഭ്യാസമാണ് ഇതിലൂടെ വളര്‍ത്താന്‍ ശ്രമിക്കുന്നത്. കഴിയുന്നിടത്തോളം ഭാഷയെ അവഗണിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. ഭാഷയെ ഒഴിച്ചു നിര്‍ത്തിയുള്ള ഒരു വിദ്യാഭ്യാസം അസാധ്യമാണ്. മാതൃഭാഷയെയും അറബി, ഉറുദു, സംസ്കൃതം തുടങ്ങിയവയെയും അവഗണിക്കുകയാണ്. കേരളത്തിലെ എല്ലാ ഭാഷാധ്യാപകരും സമരമാര്‍ഗത്തിലാണ്. ഭാഷ മനുഷ്യണ്റ്റെ സ്വത്വപ്രകാശത്തിണ്റ്റെ മാധ്യമമാണെന്ന തിരിച്ചറിവ് ഇവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനു പകരം ലൈംഗിക വിദ്യാഭ്യാസമാണ് ഈ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇതു പാശ്ചാത്യസംസ്കാരത്തില്‍നിന്നു കടമെടുത്തതാണ്. പിതാവിനെ നിഷേധിക്കുന്ന സംസ്കാരം ജര്‍മനി പോലുള്ള രാജ്യങ്ങളില്‍ വ്യാപകമാണ്. ആ സംസ്കാരത്തിണ്റ്റെ കടമെടുപ്പാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. മാതാപിതാക്കളോടുള്ള ബഹുമാനമായിരുന്നു നമ്മുടെ പാരമ്പര്യ വിദ്യാഭ്യാസത്തിണ്റ്റെ അടിസ്ഥാനം. സ്കൂളില്‍ ഇതു പഠിപ്പിച്ചാല്‍ ആകാശം ഇടിഞ്ഞുപോകുമെന്നാണ് ചിലര്‍ കരുതുന്നത്. വിദ്യാഭ്യാസത്തെ മൂല്യത്തിണ്റ്റെ അടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കാനുള്ള ശ്രമമാണു വേണ്ടത്. ലോകത്തിണ്റ്റെ ഇന്നിണ്റ്റെ ഏറ്റവും വലിയ പ്രശ്നം സ്നേഹശൂന്യതയാണ്. ക്ളാസ് മുറികളിലേ ഇതു പുനര്‍നിര്‍മിക്കാനാകൂ. എല്ലാ ശാസ്ത്രവും പുണ്യമാണെന്ന നിഗമനം തള്ളിപ്പറയേണ്ടി വരും. ജീവിതത്തെ തകര്‍ക്കുന്ന വിദ്യാഭ്യാസം വേണ്ടെന്നു വയ്ക്കാന്‍ നമ്മള്‍ തയാറാകണമെന്നും സമദാനി ആവശ്യപ്പെട്ടു. സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ആമുഖപ്രഭാഷണം നടത്തി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. സ്റ്റീഫന്‍ ആലത്തറ ആശംസ നേര്‍ന്നു. കാക്കനാട് ചാവറ സെക്രട്ടേറിയറ്റ് സെക്രട്ടറി റവ.ഡോ. തോമസ് ഐക്കര സിഎംഐ ഉപഹാര സമര്‍പ്പണം നടത്തി. ചാവറ കള്‍ച്ചറല്‍ സെണ്റ്റര്‍ ഡയറക്ടര്‍ ഫാ. റോബി കണ്ണന്‍ചിറ സിഎംഐ സ്വാഗതവും ജോണ്‍ പോള്‍ നന്ദിയും പറഞ്ഞു.