Tuesday, January 4, 2011

മുന്നണികള്‍ മദ്യാധിപത്യ നിലപാട്‌ തിരുത്തണം: അല്‍മായ കമ്മീഷന്‍

മാറിമാറി കേരളം ഭരിച്ച ഇരു സര്‍ക്കാരുകളുടെയും മദ്യനയം ഒട്ടനവധി കുടുംബാംഗങ്ങളെയും സമൂഹത്തെ മുഴുവനായും വാന്‍ നാശത്തിലേക്കും ദുരിതത്തിലേക്കും വലിച്ചെറിഞ്ഞിരിക്കുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട്‌, തെരഞ്ഞെടുപ്പു വേളകളില്‍ വോട്ടുകള്‍ നേടുവാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ക്കപ്പുറം ഭരണ, പ്രതിപക്ഷ കക്ഷികള്‍ക്ക്‌ ഈ ജനദ്രോഹ പ്രശ്നത്തില്‍ ശക്തമായ നിലപാടോ വ്യക്തമായ തിരുത്തല്‍ നടപടികളോ ഇല്ലാത്തത്‌ ദുഃഖകരമാണെന്ന്‌ സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.എസ്‌.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. മദ്യദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രഖ്യാപിക്കുന്ന അന്വേഷണനാടകങ്ങളും, നഷ്ടപരിഹാരങ്ങളും പ്രകടനപത്രികയിലൂടെ മദ്യസംസ്കാരത്തെ നിയന്ത്രിക്കുമെന്നും, മദ്യനിരോധന പ്രചാരണങ്ങള്‍ ശക്തിപ്പെടുത്തുമെന്നുമുള്ള വാഗ്ദാനങ്ങളുമായി കേരളത്തിലെ ഇരുമുന്നണികളും ഘടകകക്ഷികളും ജനങ്ങളെ കബളിപ്പിക്കുകയാണ്‌. ഒരു വശത്ത്‌ മദ്യം സുലഭമാക്കുകയും മറുവശത്ത്‌ ഡീ അഡിക്്ഷന്‍ സെണ്റ്ററുകള്‍ ആരംഭിക്കുകയും ചെയ്യുന്നത്‌ വിരോധാഭാസമാണ്‌. വിഷം നല്‍കി രോഗികളും അടിമകളുമാക്കുകയും പിന്നീട്‌ ചികിത്സിക്കുകയും ചെയ്യുന്നതു ക്രൂരവിനോദമാണ്‌. മദ്യത്തിനെതിരേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന ബോധവത്കരണ പ്രക്രിയ ഇരട്ടത്താപ്പാണ്‌. നിലവിലുള്ള നിയമങ്ങള്‍ നടപ്പിലാക്കുവാനുള്ള ഇഛാശക്തിയെങ്കിലും ഭരണ നേതൃത്വത്തിലുള്ളവര്‍ കാണിക്കണം. വികലമായ മദ്യനയത്തിനെതിരേ ജനകീയ മുന്നേറ്റത്തിലൂടെ പൊതുസമൂഹം പ്രതികരിക്കണമെന്നും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു. ഓരോ പഞ്ചായത്തിനും നഗരസഭയ്ക്കും മദ്യഷാപ്പുകള്‍ വേണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാന്‍ അധികാരം നല്‍കുന്ന പഞ്ചായത്ത്‌ രാജ്‌ നഗര പാലികാബില്ലിലെ 232, 447 വകുപ്പുകള്‍ പുനഃസ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ തയാറാവണം. വാചകക്കസര്‍ത്തുകള്‍ക്കും പ്രകടനപത്രികകള്‍ക്കുമപ്പുറം യാതൊരു ആത്മാര്‍ത്ഥതയും ഇക്കാര്യത്തില്‍ ഇരുമുന്നണികള്‍ക്കുമില്ലെന്ന്‌ കഴിഞ്ഞകാലങ്ങളിലെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. വികലമായ മദ്യനയം മൂലം ഒട്ടനവധി ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ആയിരക്കണക്കിന്‌ കുടുംബാംഗങ്ങള്‍ അനാഥമായിട്ടും വീണ്ടും ഒരു സമൂഹത്തെ മുഴുവന്‍ കൊലയ്ക്കു കൊടുക്കുവാന്‍ ഇറങ്ങിയിരിക്കുന്നവര്‍ മനുഷ്യ മനസാക്ഷിക്കെതിരെ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണെന്നും ശക്തമായ ജനകീയ മുന്നേറ്റത്തിലൂടെ പൊതുസമൂഹം പ്രതികരിക്കണമെന്നും അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.