Tuesday, February 8, 2011

1986 ഫെബ്രുവരി 8 സീറോ മലബാര്‍ സഭയുടെ പുണ്യദിനം: മാര്‍ ജോസഫ്‌ പെരുന്തോട്ടം

മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കോട്ടയം സന്ദര്‍ശിച്ച 1986 ഫെബ്രുവരി എട്ട്‌ സീറോ മലബാര്‍ സഭയുടെ പുണ്യദിനമാണെന്നു ചങ്ങനാശേരി ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. അന്നാണു സീറോ മലബാര്‍ സഭയുടെ പൌരസ്ത്യസുറിയാനി ക്രമത്തിലെ പുനരുദ്ധരിച്ച റാസക്കുര്‍ബാന അര്‍പ്പിച്ചുകൊണ്ടു പരിശുദ്ധ പിതാവ്‌ റാസക്രമം ഉദ്ഘാടനം ചെയ്തത്‌.ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും അല്‍ഫോന്‍സാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ആഘോഷത്തോടനുബന്ധിച്ചാണു പരിശുദ്ധ പിതാവ്‌ റാസക്കുര്‍ബാന അര്‍പ്പിച്ചത്‌ -ആര്‍ച്ച്ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. കുര്‍ബാനക്രമത്തിണ്റ്റെ പുനരുദ്ധാരണം സീറോ മലബാര്‍ സഭയുടെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്‌. സഭയെ സംബന്ധിച്ചിടത്തോളം വിശ്വാസജീവിതത്തിണ്റ്റെ ഊര്‍ജസ്രോതസാണു വിശുദ്ധ കുര്‍ബാന. സഭയുടെ ഹൃദയമാണ്‌ അത്‌. സഭ ജന്‍മംകൊള്ളുന്നതുതന്നെ വിശുദ്ധ കുര്‍ബാനയില്‍നിന്നാണെന്ന്‌ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പഠിപ്പിക്കുന്നു.വിശുദ്ധ കുര്‍ബാന സഭയുടെ ഹൃദയമാണെങ്കില്‍, സീറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം അവളുടെ ഹൃദയം നൂറ്റാണ്ടുകളായി മുറിവേറ്റ അവസ്ഥയിലായിരുന്നു. അതിനൊരു പരിഹാരം ഉണ്ടാകുന്നതിനു സീറോ മലബാര്‍ സഭയുടെ ആരാധനക്രമ പുനരുദ്ധാരണത്തിന്‌ 1934 ല്‍ പതിനൊ ന്നാം പീയൂസ്‌ മാര്‍പാപ്പയുടെ കല്‍പനപ്രകാരം നടപടികളാരംഭിച്ചു. ഈ പുനരുദ്ധാരണ നടപടികളിലെ ഏറ്റവും നിര്‍ണായകമായ സംഭവമായിരുന്നു 1986 ഫെബ്രുവരി എട്ടിനു കോട്ടയത്തു മാര്‍പാപ്പ, പുനരുദ്ധരിക്കപ്പെട്ട റാസക്കുര്‍ബാന അര്‍പ്പിച്ചതെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.