Tuesday, February 8, 2011

ദിവ്യസന്ദര്‍ശനത്തിണ്റ്റെ നിറവാര്‍ന്ന ഓര്‍മയില്‍

മലയാളമണ്ണിലേക്ക്‌ ആദ്യമായൊരു മാര്‍പാപ്പയെത്തിയ ആ സുദിനത്തിണ്റ്റെ ഹൃദ്യസ്മരണയുടെ നിറവിലായിരുന്നു കൊച്ചി നഗരം. കേരള കത്തോലിക്കസഭാ ചരിത്രത്തിലെ നിര്‍ണായക അധ്യായമായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കേരളസന്ദര്‍ശനത്തിനൊപ്പം ചേര്‍ത്തു വായിക്കപ്പെടും ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറമുളള പകല്‍. കേരളം സന്ദര്‍ശിച്ച ഏക മാര്‍പാപ്പയായ ജോണ്‍ പോള്‍ രണ്ടാമണ്റ്റെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലിയാചരണം കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, സീറോ മലങ്കര സഭാതലവന്‍മാരുടെയും വിശ്വാസികളുടെയും സമാനതകളില്ലാത്ത ആഹ്ളാദത്തിണ്റ്റെ ആവിഷ്കാരമായി. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി കര്‍ദിനാള്‍ മര്‍ഫി ഓകോണര്‍, ഭാരതത്തിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്‌ സാല്‍വത്തൊരെ പെനാക്കിയോ, ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ എന്നിവര്‍ക്കൊപ്പം കേരളത്തിലെ മൂന്നു സഭകളിലെയും മെത്രാന്‍മാരും വൈദികരും വിശ്വാസികളും പരിപാടിയില്‍ പങ്കെടുക്കാനെത്തി. എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ കെസിബിസിയുടെ ആഭിമുഖ്യത്തിലാണു രജതജൂബിലി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്‌. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ കുടുംബങ്ങള്‍ -ഒരു വിലയിരുത്തല്‍ എന്ന സെമിനാറോടെയാണു പരിപാടികള്‍ക്കു തുടക്കമായത്‌. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എഡിജിപി അലക്സാണ്ടര്‍ ജേക്കബ്‌ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ 30 രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. നാലിനു വരാപ്പുഴ അതിരൂപത ആസ്ഥാന മന്ദിരത്തില്‍നിന്നു കര്‍ദിനാള്‍ ഡോ. മര്‍ഫി ഒക്കോണര്‍, ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തൊരെ പെനാക്കിയോ, കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ എന്നിവരെ ഘോഷയാത്രയായി സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയിലേക്ക്‌ ആനയിച്ചു. മൂന്നു റീത്തുകളിലെയും അഞ്ഞൂറോളം വൈദികര്‍, മോണ്‍സിഞ്ഞോര്‍മാര്‍, ബിഷപ്പുമാര്‍, ആര്‍ച്ച്ബിഷപ്പുമാര്‍ എന്നിവര്‍ അണിനിരന്നു. ഏറ്റവും പിന്നിലായി കര്‍ദിനാള്‍ ഡോ. മര്‍ഫി ഒക്കോണര്‍ നടന്നുനീങ്ങി. ഘോഷയാത്രയ്ക്ക്‌ അകടമ്പടിയായി ബലൂണുകളും പൂക്കളുമായി കുട്ടികളും നിരന്നിരുന്നു. സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ കര്‍ദിനാള്‍ ഡോ. മര്‍ഫി ഒക്കോണര്‍ തിരിതെളിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സ്വാഗതം ചെയ്തു.


ജൂബിലി ആചരണത്തില്‍ പങ്കെടുക്കുന്നതിനു ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ തണ്റ്റെ പ്രതിനിധിയായി കര്‍ദിനാള്‍ മര്‍ഫി ഒക്കോണറെ നിയോഗിച്ചുകൊണ്ടുള്ള കത്ത്‌ കര്‍ദിനാളിണ്റ്റെ സെക്രട്ടറി ഫാ. മാര്‍ട്ടിന്‍ കെല്ലി വായിച്ചു. കേരള സഭയ്ക്കുള്ള മാര്‍പാപ്പയുടെ ഉപഹാരം കര്‍ദിനാള്‍ മര്‍ഫി ഒക്കോണര്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിനു സമ്മാനിച്ചു. സീറോ മലങ്കര, സീറോ മലബാര്‍, ലത്തീന്‍ റീത്തുകളെ പ്രതിനിധീകരിച്ച്‌ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാ ബാവ, ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ എന്നിവരും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്നു കര്‍ദിനാള്‍ ഡോ. മര്‍ഫി ഒക്കോണറുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. മൂന്നു റീത്തുകളിലെയും ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായി. കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ നന്ദി പറഞ്ഞു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സന്ദര്‍ശന വേളയില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ പാടിയ ലത്തീന്‍, മലയാളം, ഇംഗ്ളീഷ്‌ ഗാനങ്ങളാണു ജൂബിലിയാചരണത്തിലെ സമൂഹബലിയിലും ആലപിച്ചത്‌.