Tuesday, February 1, 2011

ക്രൈസ്തവമൂല്യങ്ങളുടെ സാഹിത്യ ആവിഷ്കാരത്തിന്‌ തയ്യാറാവണം: ഡോ. ജോസഫ്‌ കരിയില്‍

ക്രൈസ്തവമൂല്യങ്ങളുടെ സാഹിത്യ ആവിഷ്കാരം നിര്‍വഹിക്കേണ്ടത്‌ ആ മതത്തിലുള്ളവര്‍ തന്നെയാണെന്ന്‌ കെസിബിസി മാധ്യമകമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍. കെസിബിസി മാധ്യമ അവാര്‍ഡ്ദാന സമ്മേളനം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തിനു വ്യാകരണവും നിഘണ്ടുവും പ്രസാധന സംരംഭങ്ങളും സംഭാവന ചെയ്ത ക്രൈസ്തവര്‍ അക്ഷരത്തിണ്റ്റെ ഉത്പാദനമേഖലയെന്നു വിശേഷിപ്പിക്കുന്ന സാഹിത്യത്തില്‍ പിന്തള്ളപ്പെട്ടത്‌ എന്തുകൊണ്ടാണെന്നു ചിന്തിക്കണം. എന്നാല്‍, ഗുണദോഷ വിവേചനശേഷി കൂടുതലുള്ളതിനാല്‍ നിരൂപണമേഖലയില്‍ ക്രൈസ്തവര്‍ പിന്നിലല്ല. എം.പി പോള്‍, ജോസഫ്‌ മുണ്ടശേരി മുതലുള്ള നിരൂപകര്‍ ഇതാണ്‌ വ്യക്തമാക്കുന്നത്‌. നല്ലതും ചീത്തയും വേര്‍തിരിച്ചു പറയുന്നവര്‍ക്കു നല്ലതൊന്നു സൃഷ്ടിക്കാന്‍ കഴിയണമെന്നില്ല. നിരൂപകനായിരുന്ന മുണ്ടശേരി എഴുതിയ കൊന്തയില്‍ നിന്നു കുരിശിലേക്ക്‌ എന്ന നോവലിന്‌ ഏറ്റുവാങ്ങേണ്ടിവന്ന വിമര്‍ശനം നിസാരമല്ലെന്നും ബിഷപ്്‌ ഡോ.ജോസഫ്‌ കരിയില്‍ ഓര്‍മിപ്പിച്ചു. പിഒസി ഡയറക്ടര്‍ ഡോ.സ്റ്റീഫന്‍ ആലത്തറ അധ്യക്ഷത വഹിച്ചു. ഫാ.ജോസഫ്‌ നിക്കോളാസ്‌, ഫാ.ജോസ്‌ കോട്ടയില്‍, റവ.ഡോ.ഫ്രാന്‍സിസ്‌ അറയ്ക്കല്‍, റവ.ഡോ.മരിയന്‍ അറയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌ ജേതാവും ബാലസാഹിത്യകാരനുമായ സിപ്പിപള്ളിപ്പുറത്തെ ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍ പൊന്നാടയണിയിച്ച്‌ ആദരിച്ചു. വിവിധമേഖലകളിലായി ബ്രദര്‍ ലൂയിസ്‌ മഞ്ഞളി.ഡോ.എംഎം മൈക്കിള്‍, മോണ്‍.ജോര്‍ജ്‌ വെളിപ്പറമ്പില്‍(ഗുരുപൂജ പുരസ്ക്കാരങ്ങള്‍),കെ.വി ബേബി(സാഹിത്യം), ഫാ.പോള്‍ മണവാളന്‍(ദാര്‍ശനികം), ഫാ.വി.പി ജോസഫ്‌ (മാധ്യമം), ഡോ.കെ.എസ്‌. രാധാകൃഷ്ണന്‍(സംസ്കൃതി പുരസ്ക്കാരം), സംഗീത്‌ വര്‍ഗീസ്‌(യുവ പ്രതിഭ) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.