Tuesday, February 1, 2011

മദ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങേണ്ടതു സര്‍ക്കാര്‍ : മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌

സംസ്ഥാനത്തു പെരുകുന്ന മുഴുവന്‍ തിന്‍മകള്‍ക്കും കാരണം മദ്യമാണെന്നും മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങേണ്ടതു സര്‍ക്കാര്‍ തന്നെയാണെന്നും പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌. കെസിബിസി മദ്യവിരുദ്ധസമിതി പാലാ രൂപത സമിതി മദ്യവിരുദ്ധദിനാചരണത്തിണ്റ്റെ ഭാഗമായി സംഘടിപ്പിച്ച ജപമാലറാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവണ്റ്റെ പോക്കറ്റടിക്കുന്ന നിലപാടാണു സംസ്ഥാനത്തെ മദ്യനയം. മദ്യവരുമാനത്തെചൊല്ലിയുള്ള സര്‍ക്കാരിണ്റ്റെ ആവേശത്തിനുള്ള എതിര്‍പ്പ്‌ ചെറുതല്ല. വിവാഹ മോചനം, വാഹനാപകടം, മരണം എന്നിവക്കു മദ്യം വഴിതെളിക്കുമ്പോള്‍ മദ്യം വില്‍ക്കുന്ന സര്‍ക്കാരാണു കുറ്റവാളിയാകുന്നത്‌. സംസ്ഥാനത്ത്‌ മദ്യത്തിണ്റ്റെ ലഭ്യത കുറയ്ക്കണം. ഷാപ്പുകളുടെ ദൂരപരിധിയില്‍ പുനഃക്രമീകരണം വേണം- അദ്ദേഹം ആവശ്യപ്പെട്ടു. മദ്യവിരുദ്ധപ്രവര്‍ത്തനം രൂപതയുടെ ആത്മാംശമായി ഏറ്റെടുക്കുന്നതായും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷംപേരെ പങ്കെടുപ്പിച്ചു മദ്യവിരുദ്ധരൂപതയുടെ പ്രതിജ്ഞാവാചകം ചൊല്ലുമെന്നും മദ്യവിമുക്തമെന്ന ആത്മീയചിന്തയാണു ലക്ഷ്യമെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. രൂപതയിലെ എല്ലാ ഇടവകകളിലും മദ്യവിരുദ്ധസമിതിയുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കണം. മദ്യവിമുക്ത പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു കൌണ്‍സിലിംഗ്‌ സെണ്റ്ററുകള്‍ തുടങ്ങും. സ്കൂളുകളിലെ പിടിഎകളില്‍ ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. മാധ്യമങ്ങളുടെ സഹകരണത്തോടെ ബോധവത്കരണ ശ്രമങ്ങള്‍ നടത്തും. ലഹരി മോചന ചികിത്സാ വാര്‍ഡുകള്‍ എല്ലാ ആശുപത്രികളിലും തുടങ്ങും. ലഹരി വിരുദ്ധ പാഠങ്ങള്‍ മതബോധനപഠനത്തിണ്റ്റെ ഭാഗമാക്കും. എല്ലാ ദിവസങ്ങളിലും കലാലയങ്ങളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞകള്‍ ചൊല്ലും-മാര്‍ കല്ലറങ്ങാട്ട്‌ വ്യക്തമാക്കി.