സ്വാശ്രയ കോളജ് പ്രശ്നം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശത്തോടു യോജിക്കാനാവില്ലെന്ന് ഇന്നലെ ചേര്‍ന്ന കേരള കാത്തലിക് ബിഷപ്സ് കൌണ്‍സില്‍ (കെസിബിസി) വിദ്യാഭ്യാസ കമ്മീഷണ്റ്റെയും സ്വാശ്രയ കോളജ് മാനേജ്മെണ്റ്റുകളുടെയും സംയുക്ത യോഗം വിലയിരുത്തി. പാവപ്പെട്ട വിദ്യാര്‍ഥികളില്‍നിന്നു ഫീസ് വാങ്ങി പണക്കാരെ പഠിപ്പിക്കുകയെന്നതു ന്യായീകരിക്കാന്‍ കഴിയില്ലെന്നാണു കെസിബിസിയുടെ നിലപാട്. സ്വാശ്രയകോളജ് പ്രശ്നത്തില്‍ ക്രൈസ്തവ സഭയും വിദ്യാഭ്യാസ മാനേജ്മെണ്റ്റുകളുമായി സമവായത്തിലെത്താന്‍ സര്‍ക്കാര്‍ ശ്രമം നടത്തിവരികയായിരുന്നു. കെസിബിസി വിദ്യാഭ്യാസ കമ്മീഷനും വിദ്യാഭ്യാസത്തിനായുള്ള ഇണ്റ്റര്‍ചര്‍ച്ച് കൌണ്‍സിലുമായി പല തലത്തില്‍ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് സീറ്റ് വിഭജനത്തിണ്റ്റെ അനുപാതവും ഫീസ് ഘടനയും സംബന്ധിച്ച് സര്‍ക്കാര്‍ ഒത്തുതീര്‍പ്പു ഫോര്‍മുല മുന്നോട്ടുവച്ചത്. സീറ്റു പങ്കുവയ്ക്കാന്‍ തയാറാണ്. എന്നാല്‍, പാവപ്പെട്ട കുട്ടികളില്‍ നിന്ന് കൂടുതല്‍ ഫീസ് വാങ്ങി സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന കുട്ടികളെ പഠിപ്പിക്കുന്ന ക്രോസ് സബ്സിഡി ഫീസ് ഘടന സ്വീകാര്യമല്ല എന്നാണു കെസിബിസിയുടെയും മാനേജ്മെണ്റ്റുകളുടെയും നിലപാട്.
സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിണ്റ്റെ കാര്യത്തില്‍ ആദ്യം ധാരണയിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിനും മാനേജ്മെണ്റ്റിനും 50:50 എന്ന ധാരണയില്‍ സീറ്റുകള്‍ പങ്കുവയ്ക്കുമ്പോള്‍ ആദ്യത്തെ 50 ശതമാനത്തില്‍ 35 ശതമാനത്തിന് 5.5 ലക്ഷം രൂപ വാര്‍ഷികഫീസും അഞ്ചു ലക്ഷം രൂപ ഡെപ്പോസിറ്റും, 15 ശതമാനം എന്‍ആര്‍ഐ സീറ്റിന് ഒന്‍പതു ലക്ഷം രൂപ ഫീസുമാണു നിര്‍ദേശിച്ചിട്ടുള്ളത്. അടുത്ത 50 ശതമാനത്തില്‍ 20 ശതമാനം സീറ്റുകള്‍ കോളജ് മാനേജ്മെണ്റ്റുമായി ബന്ധപ്പെട്ട സമുദായത്തില്‍ പെടുന്നവരും എന്‍ട്രന്‍സ് കമ്മീഷണര്‍ നല്‍കുന്ന പട്ടികയിലുള്ളവരുമായ വിദ്യാര്‍ഥികള്‍ക്കു നല്‍കണം. ഇതില്‍ 15 ശതമാനം സീറ്റിന് മൂന്നു ലക്ഷം രൂപയാണു വാര്‍ഷിക ഫീസ്. അഞ്ചു ശതമാനത്തിന് 1.40 ലക്ഷം രൂപയും. 15 ശതമാനം ഓപ്പണ്‍ മെരിറ്റ് സീറ്റിന് 1.40 ലക്ഷം രൂപ ഫീസ്. സാമുദായികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള ആറു ശതമാനം സീറ്റിന് 45,൦൦൦ രൂപ ഫീസ്, ബിപിഎല്‍ വിഭാഗത്തിനായുള്ള ആറു ശതമാനം സീറ്റിന് 25,000 രൂപ ഫീസ,് മൂന്നു ശതമാനം പട്ടികജാതി-വര്‍ഗ സീറ്റിന് സര്‍ക്കാര്‍ നല്‍കുന്ന 2.5 ലക്ഷം രൂപ ഫീസ്. ഈ ഫീസ് ഘടനയില്‍ കോളജ് നടത്തിക്കൊണ്ടുപോകാന്‍ സാധ്യമല്ലെന്നു മാനേജ്മെണ്റ്റുകള്‍ വ്യക്തമാക്കി. പ്രവേശനപരീക്ഷ പാസായി വരുന്നവരില്‍ 5.5ലക്ഷം രൂപ വാര്‍ഷിക ഫീസ് നല്‍കാന്‍ കഴിയുന്നവര്‍ കുറവായിരിക്കും. സമുദായാംഗങ്ങളായ കുട്ടികള്‍ക്കു ദോഷകരമായ വ്യവസ്ഥ സ്വീകാര്യമല്ലെന്നും മാനേജ്മെണ്റ്റുകള്‍ പറയുന്നു.
സ്വാശ്രയ കോളജുകളുടെ കാര്യത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍ക്കും. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണെ്ടന്നു വരുത്തിത്തീര്‍ക്കാനുള്ള നീക്കത്തില്‍ ഇന്നലെ ചേര്‍ന്ന യോഗം പ്രതിഷേധിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡണ്റ്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ് പ്രസിഡണ്റ്റ് ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ ഉള്‍പ്പെടെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ ബിഷപ്പുമാരും വികാരി ജനറല്‍മാരും പങ്കെടുത്ത യോഗത്തില്‍ സ്വാശ്രയ കോളജ് മാനേജ്മെണ്റ്റ് പ്രതിനിധികളായി ജോര്‍ജ് എസ്. പോള്‍, കുര്യന്‍ ജോര്‍ജ് കണ്ണന്താനം,പി. ജെ. ഇഗ്നേഷ്യസ് തുടങ്ങിയവരും സംബന്ധിച്ചു. സര്‍ക്കാരുമായി തുടര്‍ന്നും ചര്‍ച്ചകള്‍ നടത്തും. പ്രശ്നത്തിനു ശാശ്വത പരിഹാരം ഉണ്ടാകണമെന്നാണ് കെസിബിസിയുടെയും മാനേജ്മെണ്റ്റുകളുടെയും നിലപാട്. സര്‍ക്കാരിണ്റ്റെ നിലപാടിനെ ആശ്രയിച്ചായിരിക്കും തുടര്‍ചര്‍ച്ചകള്‍. സ്വാശ്രയ മേഖലയില്‍ 11എന്‍ജിനീയറിംഗ് കോളജുകളും നാലു മെഡിക്കല്‍ കോളജുകളും 21 നഴ്സിംഗ് കോളജുകളുമാണ് ക്രൈസ്തവ മാനേജുമെണ്റ്റുകള്‍ക്കു കീഴിലുള്ളത്.