Monday, February 28, 2011

ലത്തീന്‍കത്തോലിക്കര്‍ സംഘടിക്കുന്നത്‌ ആരുടെയും അവകാശം കവരാനല്ല: ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

ലത്തീന്‍ കത്തോലിക്കര്‍ സംഘടിക്കുന്നത്‌ ഒരു സമുദായം എന്ന നിലയില്‍ അവരുടെ നിലനില്‍പ്പിനെക്കരുതി മാത്രമാണെന്നും, മറ്റാരുടെയെങ്കിലും അവകാശങ്ങള്‍ കവരാന്‍ വേണ്ടിയല്ലെന്നും വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍ വ്യക്തമാക്കി. എറണാകുളം മറൈന്‍ഡ്രൈവില്‍ കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സില്‍ സംഘടിപ്പിച്ച സമുദായസംഗമത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, ആതുരശുശ്രൂഷാ രംഗങ്ങളിലും സാമൂഹ്യ നവോത്ഥാന പരിശ്രമങ്ങളിലും അച്ചടി, മാധ്യമപ്രവര്‍ത്തനം തുടങ്ങി നിരവധി സാംസ്കാരിക മേഖലകളിലും മഹത്തായ സേവനം അര്‍പ്പിച്ച സമുദായമാണു ലത്തീന്‍ കത്തോലിക്കര്‍. തുമ്പയിലെ വിക്രം സാരാഭായ്‌ സ്പേസ്‌ സെണ്റ്ററും കൊച്ചിയിലെ കപ്പല്‍നിര്‍മാണശാലയുമൊക്കെ പൊതുനന്‍മയ്ക്കുള്ള ത്യാഗത്തിണ്റ്റെ സജീവസാക്ഷ്യങ്ങളാണ്‌. പൊതുനന്‍മയ്ക്കു പ്രാമുഖ്യം നല്‍കിയതു സാമൂഹ്യമായും സാമുദായികമായും ലത്തീന്‍ സമുദായത്തിനു വിനയായി എന്നു ചിന്തിക്കുന്നവരുണ്ട്‌. വികസനപ്രക്രിയയുടെ ഇരകള്‍ പലപ്പോഴും ലത്തീന്‍ കത്തോലിക്കരാണ്‌. തീരദേശ വികസനത്തിണ്റ്റെ ഇരകളും സമുദായാംഗങ്ങള്‍ തന്നെ. സാമൂഹ്യമായും രാഷ്ട്രീയമായും സാമ്പത്തികമായും അവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നു. ശക്തികേന്ദ്രങ്ങളില്‍നിന്നും പരമ്പരാഗത തൊഴില്‍മേഖലകളില്‍നിന്നും പറിച്ചെറിയപ്പെടുന്നു ഇനിയും ലത്തീന്‍ സമുദായം ത്യാഗത്തിനു തയാറാണ്‌. പക്ഷേ, സ്വന്തം നിലനില്‍പ്പ്‌ അപകടപ്പെടുത്തിക്കൊണ്ടും ഭാവിയെ പണയംവച്ചുകൊണ്ടും ഇത്തരം സാഹസങ്ങള്‍ക്ക്‌ ഇനി സമുദായത്തെ പ്രതീക്ഷിക്കേണ്ടതില്ല-ആര്‍ച്ച്ബിഷപ്‌ പ്രഖ്യാപിച്ചു.ജനാധിപത്യം അര്‍ഥപൂര്‍ണമാകുന്നത്‌ അധികാരത്തിണ്റ്റെ എല്ലാ തലങ്ങളിലും, എല്ലാ തരത്തി ലും നീതിപൂര്‍ണമായ പങ്കാളിത്തം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുവരുത്തുമ്പോഴാണ്‌. സാമൂഹ്യനീതി ക്കും രാഷ്ട്രീയനീതിക്കും വേണ്ടിയുള്ള മുറവിളിയും പ്രവര്‍ത്തനങ്ങളും രാഷ്്ട്രനിര്‍മാണം തന്നെയാണ്‌. യാഥാര്‍ഥ്യബോധത്തോടെയും ചരിത്രബോധത്തോടെയും യുക്തിപൂര്‍വം കാര്യങ്ങളെ വീക്ഷിക്കുന്നവര്‍ക്കു മറിച്ചൊരു തരത്തില്‍ ചിന്തിക്കാനാവില്ല. പിന്നോക്ക, ദുര്‍ബല, ന്യൂനപക്ഷ സമുദായമായ കേരള ലത്തീന്‍ കത്തോലിക്കര്‍ അവരുടെ നിലനില്‍പ്പിനെക്കരുതി സംഘടിക്കാനും ശക്തരാകാനും ശ്രമിക്കുന്നതു ദുര്‍വ്യാഖ്യാനം ചെയ്ത്‌ അപഹസിക്കുന്ന ചില തത്പരകക്ഷികള്‍ ഉണ്ടെന്ന സത്യം കാണാതിരുന്നുകൂടാ. ഈ സംഗമത്തിന്‌ എതിരായിപ്പോലും അത്തരം ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായിക്കഴിഞ്ഞു. സാമൂഹ്യനീതിയുടെയും രാഷ്്ട്രീയനീതിയുടെയും പങ്കാളിത്ത ജനാധിപത്യത്തിണ്റ്റെയും ആവശ്യങ്ങളും മുദ്രാവാക്യങ്ങളുമാണു ഉയര്‍ത്തിയിട്ടുള്ളത്‌. പാര്‍ശ്വവത്ക രിക്കപ്പെട്ട എല്ലാ ജനവിഭാഗങ്ങള്‍ക്കും ബാധകമാണിവ.സാമൂഹ്യനീതിയും രാഷ്്ട്രീയനീതിയും പങ്കാളിത്ത ജനാധിപത്യവും നിരന്തരമായി നിരാകരിക്കപ്പെട്ടാല്‍ എന്തു സംഭവിക്കുമെന്നു ടുണീഷ്യയും ഈജിപ്തും ലിബിയയുമൊക്കെ നമുക്കു കാട്ടിത്തരുന്നുണ്ട്‌. ലത്തീന്‍ കത്തോലിക്കരെപ്പോലുള്ള ദുര്‍ബല, പിന്നോക്ക ജനവിഭാഗങ്ങളുടെ രോദനം കേള്‍ക്കാനും അവകാശങ്ങള്‍ അംഗീകരിക്കാനും തയാറാവുക എന്നാണു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളോടും അഭ്യര്‍ഥിക്കാനുള്ളത്‌. ഒരുമയിലേക്കും ശക്തിയിലേക്കുമുള്ള മുന്നേറ്റത്തിണ്റ്റെ തുടക്കം മാത്രമാണ്‌ ഈ സംഗമം-അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികളുടെ കാര്യത്തില്‍ സമുദായത്തിന്‌ ആനുപാതികമായ പ്രാതിനിധ്യം ആവശ്യപ്പെടുമ്പോഴും ജാതിമത ഭേദമന്യേ പൊതുജന നന്‍മയ്ക്കായി പ്രവര്‍ത്തിക്കുന്ന സ്വഭാവശുദ്ധിയും മൂല്യബോധവുമുള്ള സ്ഥാനാര്‍ഥികള്‍ക്കാണു ലത്തീന്‍ കത്തോലിക്കര്‍ മുന്‍ഗണന നല്‍കേണ്ടതെന്നു കെആര്‍എല്‍സിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം ചൂണ്ടിക്കാട്ടി. പ്രശ്നാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായ സമദൂര സമീപനമാണു കൌണ്‍സിലിണ്റ്റെ രാഷ്്ട്രീയനയം. ദൈവവിശ്വാസത്തിനും ക്രിസ്തീയമൂല്യങ്ങളുടെ സംരക്ഷണത്തിനും പരമപ്രാധാന്യം നല്‍കുന്നതാണിത്‌. സമുദായ താത്പര്യങ്ങള്‍ ഉള്‍ക്കൊള്ളാനും അതിണ്റ്റെ വികസനത്തെ സഹായിക്കാനും സന്നദ്ധതയുള്ള രാഷ്്ട്രീയപാര്‍ട്ടികളോടെല്ലാം സമദൂര സമീപനം സ്വീകരിക്കും. ലത്തീന്‍ സമുദായം ശക്തിപ്രാപിച്ചാല്‍ തങ്ങളുടെ വോട്ടുബാങ്കും സ്വാധീനവും നഷ്ടപ്പെടുമെന്നു ഭയക്കുന്നവരുണ്ട്‌. നന്‍മ ആഗ്രഹിക്കുന്ന ആര്‍ക്കുംതന്നെ ഇതൊരു ഭീഷണിയല്ല. പിന്നോക്കംനില്‍ക്കുന്നവര്‍ മുഖ്യധാരയിലേക്കു വരാതെ ക്ഷേമരാഷ്്ട്രസ്വപ്നം സഫലമാവില്ല. മുന്നോക്ക സമുദായങ്ങളിലും അവശതയനുഭവിക്കുന്നവരുണ്ട്‌. അവര്‍ക്കും ക്ഷേമപദ്ധതികള്‍ വേണം. സംവരണം എന്ന സാമൂഹ്യപരിരക്ഷയെ സാമാന്യവത്കരിച്ചു കേവലം ദാരിദ്യ്രനിര്‍മാര്‍ജന പരിപാടിയും തൊഴില്‍ദാനപദ്ധതിയുമായി അവതരിപ്പിച്ച്‌ ആശയക്കുഴപ്പമുണ്ടാക്കുന്നതു ശരിയല്ല. സംവരണംകൊണ്ടുദ്ദേശിക്കുന്ന സാമുദായിക സമുദ്ധാരണം സാധ്യമാക്കാന്‍ ഒരു നിശ്ചിത കാല ത്തേക്ക്‌ ആത്മാര്‍ഥമായി സഹകരിച്ചു തങ്ങളുടെ കൈപിടിച്ച്‌ ഉയര്‍ത്തണമെന്നു മുന്നോക്ക സമുദായങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു.സംവരണ ക്വോട്ടയില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കുണ്ടായ നഷ്ടം സ്പെഷല്‍ റിക്രൂട്ട്മെണ്റ്റിലൂടെ നികത്തണം. ജാതി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കണം.കേന്ദ്ര-സംസ്ഥാന ഗവണ്‍മെണ്റ്റുകള്‍ക്കു കെആര്‍എല്‍സിസി സമര്‍പ്പിച്ച 27 ഇന അവകാശപത്രികയില്‍ ലത്തീന്‍ കത്തോലിക്കര്‍ക്കു മാത്രമായുള്ള ആവശ്യങ്ങള്‍ കേവലം നാലെണ്ണമാണ്‌. ബാക്കി 23 ഇനവും സമൂഹത്തിലെ ഇതര മത-സമുദായ വിഭാഗങ്ങളു ടെകൂടി ഉന്നമനം ലക്ഷ്യംവയ്ക്കുന്നതാണ്‌. അവകാശപത്രികയിലെ 10 ഇനങ്ങള്‍ കേന്ദ്രസര്‍ക്കാരിണ്റ്റെ പരിധിയില്‍ വരുന്നതായതിനാല്‍ കേന്ദ്രത്തിനു നിവേദനം സമര്‍പ്പിച്ചു. പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും സോണിയാഗാന്ധിയും അനുഭാവപൂര്‍വമായാണ്‌ ഇതി നോടു പ്രതികരിച്ചത്‌. മദ്യത്തോടുള്ള അമിതമായ ആസക്തി സംസ്ഥാനത്തു ലത്തീന്‍ കത്തോലിക്കരുടെ വികസനത്തെ തടസപ്പെടുത്തുന്ന പ്രധാന സാമൂഹികതിന്‍മയാണ്‌. മൂല്യബോധവും അര്‍പ്പണമനോഭാവവുമുള്ള സുസമ്മതരായ അല്‍മായരുടെ നേതൃനിരയും ശാക്തീകരണവും സമുദായത്തിണ്റ്റെ വികസനത്തിന്‌ ആവശ്യമാണ്‌-ഡോ. സൂസപാക്യം ഓര്‍മിപ്പിച്ചു.