Tuesday, February 22, 2011

മതമൈത്രിയില്‍ മുന്നോട്ടു പോകും: ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി

മതമൈത്രിയുടെയും സാഹോദര്യത്തിണ്റ്റെയും സംഗമസ്ഥാനമായ കൊടുങ്ങല്ലൂരിലുള്ള ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം ദേവാലയമായ ചേരമാന്‍ ജുമാമസ്ജിദില്‍ കോട്ടപ്പുറം ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി സൌഹൃദസന്ദര്‍ശനം നടത്തി. സ്നേഹത്തിണ്റ്റെയും സഹകരണത്തിണ്റ്റെയും സൌഹൃദത്തിണ്റ്റെയും അനുഭവത്തില്‍ മുന്നോട്ടു പോകുന്നതിനു സന്ദര്‍ശനം സഹായകമാകുമെന്നു ബിഷപ്‌ പറഞ്ഞു. മസ്ജിദില്‍ എത്തിയ ഡോ. കാരിക്കശേരിയെ ഇമാം വി.എം സുലൈമാന്‍ മൌലവി, പ്രസിഡണ്റ്റ്‌ ഡോ. പി.എ മുഹമ്മദ്‌ സെയ്ദ്‌, സെക്രട്ടറി എസ്‌.എ അബ്ദുള്‍ഖയൂം, വി.എ. സെയ്ദ്‌ മുഹമ്മദ്‌, ഇ.ബി ഫൈസല്‍ തുടങ്ങിയ ഭാരവാഹികള്‍ ചേര്‍ന്നു സ്വീകരിച്ചു. കോട്ടപ്പുറം രൂപതാ ചാന്‍സലര്‍ റവ. ഡോ. നിക്സണ്‍ കാട്ടാശേരി, പിആര്‍ഒ ഫാ. റോക്കി റോബി കളത്തില്‍, ജോസ്‌ കുരിശിങ്കല്‍ എന്നിവരും ബിഷപ്പിനോടൊപ്പമുണ്ടായിരുന്നു.