Wednesday, February 23, 2011

ദളിത്‌ ക്രൈസ്തവര്‍ക്കും സംവരണാനുകൂല്യം അനുവദിക്കണം: കെ. എം മാണി

ദളിത്‌ ക്രൈസ്തവര്‍ക്കും സംവരണാനുകൂല്യങ്ങള്‍ അനുവദിക്കണമെന്നു കെ.എം. മാണി ശ്രദ്ധക്ഷണിക്കലില്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. ക്രിസ്തുമത വിശ്വാസികളായെന്ന ഒറ്റക്കാരണത്താല്‍ ഇവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കുന്നതു നീതിക്കു നിരക്കാത്തതാണ്‌. മതത്തിണ്റ്റെ പേരിലുള്ള ഈ വിവേചനം ഭരണഘടനയുടെ മതേതര സ്വഭാവത്തിനു വിരുദ്ധമാണ്‌. മതപരിവര്‍ത്തനം ചെയ്തതുകൊണ്ട്‌ ദളിത്‌ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയ്ക്കു മാറ്റം വന്നിട്ടില്ല. ഇന്ത്യയില്‍ സിക്കുമതത്തിലേക്കും ജൈനമതത്തിലേക്കും പരിവര്‍ത്തനം ചെയ്തവര്‍ക്കു പട്ടികവിഭാഗക്കാര്‍ക്കു നല്‍കുന്നതിനു സമാനമായ എല്ലാ ആനുകൂല്യങ്ങളും നല്‍കുമ്പോള്‍ ദളിത്‌ ക്രൈസ്തവരെ അവഗണിക്കുന്നതു വിവേചനപരമാണ്‌. ഇതു പരിഹരിക്കാന്‍ നിയമം കൊണ്ടുവരണം. ദളിത്‌ ക്രൈസ്തവര്‍ക്കു സംവരണാനുകൂല്യങ്ങള്‍ നല്‍കുന്നതു സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ 1995-ല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞു കത്തയച്ചിരുന്നു. എന്നാല്‍, ഇതിന്‌ ഇതുവരെ മറുപടി നല്‍കാത്ത ആറു സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്‌. ഇക്കാര്യത്തില്‍ കേരളത്തിണ്റ്റെ അഭിപ്രായം ഉടന്‍ കേന്ദ്രത്തെ അറിയിക്കണം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടക്കുന്ന ദളിത്‌ ക്രൈസ്തവ സംവരണ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.