Friday, February 11, 2011

കോട്ടപ്പുറം നിയുക്ത മെത്രാണ്റ്റെ സ്ഥാനാരോഹണചടങ്ങ്‌ മതസൌഹാര്‍ദ വേദിയാകും

കോട്ടപ്പുറം രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ. ജോസഫ്‌ കാരിക്കശേരിയുടെ സ്ഥാനാരോഹണചടങ്ങ്‌ മതസൌഹാര്‍ദത്തിണ്റ്റെ സംഗമവേദിയാകും. ഞായറാഴ്ച വൈകീട്ട്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന സ്ഥാനാരോഹണത്തെ തുടര്‍ന്ന്‌ കത്തീഡ്രല്‍ മൈതാനത്ത്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ കൊടുങ്ങല്ലൂറ്‍ കോവിലകത്തെ വലിയതമ്പുരാന്‍ കെ.ഗോദവര്‍മരാജയും ഇന്ത്യയിലെ ആദ്യത്തെ മുസ്ളിം പള്ളിയായ ചേരമാന്‍ ജുമാ മസ്ജിദ്‌ ഇമാം സുലൈമാന്‍ മൌലവിയും മഹല്ല്‌ ഭാരവാഹികളും സംബന്ധിക്കും. സര്‍വമതങ്ങളുടെയും സംഗമഭൂമിയായ കൊടുങ്ങല്ലൂറ്‍ ചരിത്രനഗരിയില്‍ നടക്കുന്ന സ്ഥാനാരോഹണചടങ്ങ്‌ ഭക്തിസാന്ദ്രവും പ്രൌഢവുമായ സംഭവമാക്കി മാറ്റാന്‍ രൂപതയില്‍ വാന്‍ ഒരുക്കങ്ങളാണ്‌ നടക്കുന്നത്‌. ഇതുസംബന്ധിച്ച്‌ ഇന്നലെ രൂപതി വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കുന്നത്തൂറ്‍, ചാന്‍സലര്‍ ഡോ. നിക്സന്‍ കാട്ടാശേരി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. റാഫേല്‍ ആണ്റ്റണി എന്നിവരുടെ നേതൃത്വത്തില്‍ ബിഷപ്‌ ഹൌസില്‍ ചേര്‍ന്ന യോഗം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വരാപ്പുഴയില്‍നിന്നും രൂപതയിലെ വൈദികരുടേയും അല്‍മായരുടേയും നേതൃത്വത്തില്‍ യാത്രതിരിക്കുന്ന നിയുക്ത ബിഷപ്പിനെ കോട്ടപ്പുറം രൂപതാതിര്‍ത്തിയായ ചെറുവൈപ്പിനില്‍ ഉച്ചയ്ക്ക്‌ രണ്ടിന്‌ ഊഷ്മളമായ വരവേല്‍പ്പ്‌ നല്‍കും. തുടര്‍ന്ന്‌ നൂറുകണക്കിന്‌ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പറവൂറ്‍ വഴി മൂന്നരയോടെ കോട്ടപ്പുറം സെണ്റ്റ്‌ മൈക്കിള്‍സ്‌ കത്തീഡ്രല്‍ ദേവാലയത്തിണ്റ്റെ മുഖ്യകവാടത്തില്‍ എത്തിച്ചേരും. അവിടെ ബാണ്റ്റ്‌ മേളത്തിണ്റ്റേയും സാംസ്കാരിക കലാരൂപങ്ങളുടേയും അകമ്പടിയോടെ മുത്തുക്കുടയും ലത്തീന്‍ കത്തോലിക്കരുടെ തനതു കലകള്‍ അവതരിപ്പിച്ചുകൊണ്ട്‌ ഓപ്പക്കാരും വൈദികരും സന്യസ്തരും ചേര്‍ന്ന്‌ കത്തീഡ്രലിലേക്ക്‌ ആനയിക്കും. നാലിന്‌ കത്തീഡ്രലില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സീസ്‌ കല്ലറയ്ക്കലിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി ആരംഭിക്കും. ദിവ്യബലിയില്‍ ബിഷപ്പുമാരും വൈദികരും സഹകാര്‍മികരായിരിക്കും. സ്ഥാനാരോഹണചടങ്ങിനുശേഷം നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര വ്യോമയാനമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരും എംപിമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.