മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ വൈവിധ്യമാര്‍ന്ന ശുശ്രൂഷകളെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ അഭിനന്ദിച്ചു. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ അദ്്ലിമിനാ സന്ദര്‍ശനം നടത്തുന്ന മലങ്കരസുറിയാനി കത്തോലിക്കാ സഭയിലെ ബിഷപ്പുമാരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. വിശ്വാസ സമൂഹത്തിണ്റ്റെ ആധ്യാത്മികവും സഭാത്മകവുമായ പരിശീലനത്തിലും രൂപീകരണത്തിലും കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. വിശുദ്ധ പത്രോസിണ്റ്റെ സിംഹാസനവും മലങ്കര സുറിയാനി കത്തോലിക്കാസഭയും തമ്മിലുള്ള ഊഷ്മളമായ ബന്ധം കൂടുതല്‍ ആഴപ്പെടാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നു മാര്‍പാപ്പ തണ്റ്റെ സന്ദേശത്തില്‍ പറഞ്ഞു. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ ഭാരതത്തിലും അതിനു പുറത്തുമായി നല്‍കുന്ന സജീവ സാക്ഷ്യവും നേതൃത്വവും മാര്‍പാപ്പ പ്രത്യേകം അഭിനന്ദിച്ചു. മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ പരിശുദ്ധ സുന്നഹദോസിനുവേണ്ടി മാര്‍പാപ്പയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഏബ്രഹാം മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ അന്തോണിയോസ്, സാമുവേല്‍ മാര്‍ ഐറേനിയോസ്, ഫിലിപ്പോസ് മാര്‍ സ്തേഫാനോസ്‌എന്നിവരും കാതോലിക്കാ ബാവയോടൊപ്പം മാര്‍പാപ്പയെ സന്ദര്‍ശിച്ചു. അദ്ലിമിനായോടനുബന്ധിച്ച്, മെത്രാന്‍മാര്‍ വ്യക്തിപരമായി മാര്‍പാപ്പയെ സന്ദര്‍ശിച്ച് അതതു ഭദ്രാസനങ്ങളിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അതോടൊപ്പം റോമിലെ വിവിധ കാര്യാലയങ്ങള്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. റോമിലെ സെണ്റ്റ് തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയില്‍ നവ സുവിശേഷവത്കരണവും മലങ്കര സുറിയാനി കത്തോലിക്കാസഭയും എന്ന വിഷയത്തെ ആധാരമാക്കി രാജ്യാന്തര സെമിനാര്‍ നടന്നു. പൌരസ്ത്യ സഭകള്‍ക്കുവേണ്ടിയുള്ള തിരുസംഘത്തിണ്റ്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവാ അനുഗ്രഹപ്രഭാഷണം നടത്തി. മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയയുടെ മെത്രാന്‍ തോമസ് മാര്‍ അന്തോണിയോസ് വിഷയാവതരണം നടത്തി. സെണ്റ്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വി.പത്രോസിണ്റ്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തുകയും ജോണ്‍പോള്‍ രണ്ടാമണ്റ്റെ കബറിടത്തില്‍ കാതോലിക്കാബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മെത്രാന്‍മാരും റോമിലെ വൈദികരും സമൂഹബലിയര്‍പ്പിക്കുകയും ചെയ്തു. കൂടാതെ വിശുദ്ധ പൌലോസിണ്റ്റെ കബറിടം സ്ഥിതി ചെയ്യുന്ന സെണ്റ്റ് പോള്‍സ് ബസിലിക്കാ, സെണ്റ്റ് ജോണ്‍സ് ബസിലിക്കാ, സെണ്റ്റ് മേരീസ് ബസിലിക്കാ എന്നിവിടങ്ങളിലും പ്രാര്‍ഥന നടത്തി. സന്ദര്‍ശനത്തിണ്റ്റെ സമാപനത്തില്‍ റോമിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭാസമൂഹം മെത്രാന്‍മാരോടൊന്നിച്ച് അസീസിയിലേക്കു തീര്‍ഥാടനം നടത്തി.