Monday, April 4, 2011

വൈദികര്‍ക്കു മഹത്തായ മാതൃക: റവ. ഡോ. സ്റ്റീഫന്‍ ആലത്തറ

പിതൃതുല്യമായ സ്നേഹത്തോടെ വൈദികരോട്‌ ഇടപഴകിയ ശ്രേഷ്ഠ മെത്രാപ്പോലീത്തയായിരുന്നു കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍. ഉന്നത പദവിയില്‍ ഇരിക്കുമ്പോഴും പുരോഹിതരുടെ ചെറിയ കാര്യങ്ങളില്‍ പോലും അദ്ദേഹം ശ്രദ്ധവച്ചിരുന്നു. പ്രത്യേകിച്ചു കെസിബിസി ആസ്ഥാന കാര്യാലയത്തില്‍ സേവനമനുഷ്ഠിക്കുന്ന വൈദികരെക്കുറിച്ച്‌ അദ്ദേഹം എപ്പോഴും തത്പരനായിരുന്നു. പിഒസിയുമായി ഒരു ആത്മബന്ധം എന്നും പുലര്‍ത്തിയിരുന്നു. പിഒസിയുടെ അയല്‍വാസികളായിരുന്നു അദ്ദേഹത്തിണ്റ്റെ മാതാപിതാക്കള്‍. അവര്‍ തങ്ങളുടെ ജീവിതത്തിണ്റ്റെ അവസാനകാലഘട്ടം ചെലവഴിച്ച കര്‍ദിനാളിണ്റ്റെ വീട്‌ പിഒസിക്കു സമീപമായിരുന്നു. അതുകൊണ്ടുതന്നെ പിഒസിയെ തണ്റ്റെ ഒരു കുടുംബം പോലെ സ്നേഹിക്കുകയും തണ്റ്റെ കുടുംബാംഗങ്ങളുടെ ഒത്തുചേരലിനു പിഒസി തെരഞ്ഞെടുക്കുകയും ചെയ്തു. ആ എളിയജീവിതം പുരോഹിതര്‍ക്കും മെത്രാന്‍മാര്‍ക്കും പ്രചോദനമായിരുന്നു. കുലീനമായ കുടുംബത്തിലാണു ജനിച്ചതെങ്കിലും ഒരു സാധാരണ വൈദികനായി സഭാ ശുശ്രൂഷ നടത്താനാണ്‌ അദ്ദേഹം ആഗ്രഹിച്ചത്‌. അതിനായി ദിവ്യരക്ഷകസഭയിലെ ഒരു വൈദികനായി പൌരോഹിത്യ ശുശ്രൂഷ തുടങ്ങി. പില്‍ക്കാലത്ത്‌ അദ്ദേഹത്തിണ്റ്റെ കഴിവുകള്‍ക്കും ജീവിതശുദ്ധിക്കും അംഗീകാരമെന്ന നിലയില്‍ സാര്‍വത്രിക സഭയുടെ പല മേഖലകളിലും മധ്യസ്ഥനായി കര്‍ത്തവ്യങ്ങള്‍ നിറവേറ്റി. സീറോ മലബാര്‍ സഭയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററും മേജര്‍ ആര്‍ച്ച്ബിഷപ്പും കര്‍ദിനാളുമായി ഉയര്‍ത്തപ്പെടുമ്പോഴും എളിമ ആ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്നു. കെസിബിസിയുടെ യോഗങ്ങളില്‍ അദ്ദേഹം നടത്തിയ ഇടപെടലുകളില്‍ പലതും സഭ ഐക്യത്തിനു വേണ്ടിയുള്ളതായിരുന്നു. കേരളത്തിലെ സമൂഹത്തില്‍ സഭയുടെ ദൌത്യം പരസ്നേഹ ശുശ്രൂഷ നിര്‍വഹിക്കലാണെന്ന്‌ അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു. സഭയുടെ ശുശ്രൂഷകളില്‍ കുറവുണ്ടായപ്പോള്‍ ഒരു പ്രവാചകനെപ്പോലെ അതു ചൂണ്ടിക്കാണിക്കുന്നതില്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല. അദ്ദേഹത്തിണ്റ്റെ ചില നിലപാടുകള്‍ മറ്റു ചിലര്‍ വിമര്‍ശിച്ചപ്പോഴും അദ്ദേഹത്തിനു ബോധ്യമായ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുക മാത്രമാണു ചെയ്തിരുന്നത്‌. അദ്ദേഹത്തിണ്റ്റെ ഇത്തരം ഇടപെടലുകളിലൂടെ ദൈവാരൂപിയുടെ പ്രവര്‍ത്തനം കാണാന്‍ സാധിക്കുമായിരുന്നു. കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും സമൂഹത്തിനും അദ്ദേഹം നല്‍കിയിട്ടുള്ള സേവനങ്ങള്‍ മറക്കാനാവില്ല. കേരളസഭയുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ഒരു കാലഘട്ടത്തിണ്റ്റെ ചരിത്രമാണ്‌ ആ ജീവിതത്തിനു നമ്മോടു പറയാനുള്ളത്‌. ഉന്നതനായ ഈ പുരോഹിത ശ്രേഷ്ഠണ്റ്റെ മുന്നില്‍ കേരളത്തിലെ കത്തോലിക്കാ സഭയുടെ പ്രാര്‍ഥനാനിര്‍ഭരമായ കൃതജ്ഞതകള്‍.