Wednesday, April 13, 2011

എംജി സിന്‍ഡിക്കറ്റ്‌ തീരുമാനം പിന്‍വലിക്കണം: ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍

ക്രൈസ്തവ കലാലയങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റിണ്റ്റെ തീരുമാനം പിന്‍വലിക്കണമെന്ന്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ക്രൈസ്തവ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം തടഞ്ഞുവയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മതവിരുദ്ധത പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും കൊണ്ടുനടക്കുന്നവര്‍ വിദ്യാഭ്യാസ രംഗത്തെ തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ നടത്തുന്ന ശ്രമത്തിണ്റ്റെ ഭാഗമാണ്‌ ഈ ജനാധിപത്യ അവകാശ നിഷേധം. കോളജുകളുടെ അഫിലിയേഷന്‍ റദ്ദ്‌ ചെയ്തും പ്രിന്‍സിപ്പല്‍ നിയമനവും അധ്യാപക നിയമനവും തടഞ്ഞുവച്ചും വിദ്യാര്‍ഥിപ്രവേശനം വികലമാക്കിയും ക്രൈസ്തവ കോളജുകളെ തകര്‍ക്കാനുള്ള ശ്രമമാണു നടക്കുന്നത്‌. സാമൂഹ്യ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പിന്നോക്കക്കാര്‍ക്കു നല്‍കുന്ന സംവരണത്തിനു തുല്യമായി ഭാഷാ മത സംസ്കാരങ്ങള്‍ സംരക്ഷിക്കാന്‍ നല്‍കിയിരിക്കുന്ന ന്യൂനപക്ഷാവകാശത്തെ ചിത്രീകരിച്ച്‌ ക്രൈസ്തവര്‍ വിദ്യാഭ്യാസപരമായി വളര്‍ന്നതിനാല്‍ അവര്‍ക്കു ന്യൂനപക്ഷാവകാശമില്ലാ എന്ന നിലപാടു വിചിത്രമാണ്‌. ഈ നിലപാട്‌ ഉയര്‍ത്തിപ്പിടിച്ച 2006-ലെ സ്വാശ്രയ വിദ്യാഭ്യാസ നിയമം ഭരണഘടനാവിരുദ്ധമായി കണ്ട്‌ കോടതി റദ്ദുചെയ്തതു മറന്നാണു യൂണിവേഴ്സിറ്റി അധികൃതര്‍ ഈ കൈയേറ്റത്തിനു മുതിരുന്നതെന്നു മാര്‍ ജോസഫ്‌ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു